കൽപ്പറ്റ: സംസ്ഥാന സർക്കാരിനെതിരേ ആഞ്ഞടിച്ച് മാവോയിസ്റ്റുകൾ. മാവോയിസ്റ്റുകളുടെ കനൽപാത എന്ന ന്യൂസ് ബുള്ളറ്റിനിൽ പ്രളയം ഭരണകൂട നിർമിതമാണെന്നാണ് ആരോപണമുന്നയിക്കുന്നത്. ഡാമുകൾ പൊളിക്കണമെന്നും ബുള്ളറ്റിനിൽ പറയുന്നു.
നാടുകാണി പീപ്പിൾ ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ) കഴിഞ്ഞമാസം പുറത്തിറക്കിയതാണ് ബുള്ളറ്റിൻ. കഴിഞ്ഞദിവസം വയനാട് പ്രസ് ക്ലബിലാണ് ബുള്ളറ്റിൻ ലഭിച്ചത്. മഹാപ്രളയം ഭരണകൂടത്തിന്റെ സൃഷ്ടിയാണ്. ജനങ്ങളുടെ ജീവൻ കൊണ്ട് പന്താടിയ ഉദ്യോഗസ്ഥഭരണകൂട സംവിധാനത്തെ ചോദ്യം ചെയ്യണം.
വൻകിട ഡാമുകൾ പൊളിച്ചുമാറ്റണമെന്ന് പറയുന്ന ബുള്ളറ്റിനിൽ കുന്നുകൾ ഇടിച്ചുനിരത്തിയും പാറമടകൾ അനുവദിച്ചും വയലുകൾ മണ്ണിട്ട് നികത്തിയും ഭരണകൂടവും മൂലധന ശക്തികളും നടത്തുന്നത് ജനവിരുദ്ധ വികസന ഭീകരതയാണെന്നും ആരോപിക്കുന്നു.
പശ്ചിമഘട്ട സംരക്ഷണം ജനകീയ രാഷ്ട്രീയാധികാരത്തിലുടെയേ സാധ്യമാകുവെന്നും ബുള്ളറ്റിനിൽ പറയുന്നു. ഭരണകൂടത്തിന്റെ കർഷക വഞ്ചനയാണ് കാഞ്ഞിരത്തിനാൽ ഭൂമി വിഷയത്തിൽ കാണുന്നതെന്ന വിമർശനവും ബുള്ളറ്റിനിലുണ്ട്. കാഞ്ഞിരത്തിനാൽ കുടുംബത്തിന് നീതി ലഭിക്കുന്നതിന് മുഴുവൻ ബഹുജനങ്ങളും സംഘടനകളും ഐക്യപ്പെടണമെന്നും സമരരംഗത്തിറങ്ങണമെന്നും ബുള്ളറ്റിൻ ആഹ്വാനം ചെയ്യുന്നുണ്ട്.
കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ സമരത്തിന് മാവോയിസ്റ്റ് പ്രസ്ഥാനം ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതായും ബുള്ളറ്റിനിൽ പറയുന്നു.