തിരുവനന്തപുരം: അട്ടപ്പാടി വനമേഖലയിൽ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന നടപടിക്കെതിരേ വിമർശനവുമായി പ്രതിപക്ഷം നിയമസഭയിൽ. അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാണുന്ന മാത്രയിൽ വെടിവച്ചു കൊല്ലുന്നതാണോ ഇടതുപക്ഷ സർക്കാരിന്റെ നയമെന്നും അടിയന്തര പ്രമേയ നോട്ടീസിൽ എൻ. ഷംസുദ്ദീൻ പറഞ്ഞു.
തീവ്രസ്വഭാവമുള്ള സംഘടനകളെ പ്രതിപക്ഷം ഒരിക്കലും പിന്തുണക്കുന്നില്ല. എന്നാൽ ഏറ്റുമുട്ടലിൽ ഒരു വശത്തുമാത്രമേ പരിക്കുള്ളു എന്നതാണ് സംശയം ജനിപ്പിക്കുന്നത്. ഇക്കാര്യത്തിൽ ജൂഡീഷൽ ആന്വേഷണം നടത്തണമെന്നും ഷംസുദ്ദീൻ പറഞ്ഞു. അതേസമയം, മാവോയിസ്റ്റുകളാണ് ആദ്യം തണ്ടർബോൾട്ടിനു നേരെ വെടിയുതിർത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയിൽ വ്യക്തമാക്കി.
സ്വയരക്ഷയ്ക്കായാണ് തണ്ടർബോൾട്ട് സംഘം തിരിച്ചു വെടിവച്ചത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽനിന്നും ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. വിദേശനിർമിത എകെ 47 തോക്കടക്കം മാവോയിസ്റ്റുകളുടെ പക്കലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യജീവൻ നഷ്ടപ്പെടുന്നത് ദുഖകരമാണ്. എന്നാൽ മാവോയിസ്റ്റുകളുടെ പ്രവർത്തനം തടയേണ്ടത് സർക്കാരിന്റെ ചുമതലയാണ്. ജനാധിപത്യ രാഷ്ട്രീയ പ്രവർത്തനത്തെ മാവോയിസ്റ്റുകൾ ദുർബലപ്പെടുത്തുന്നു. പോലീസ് നടപടിയിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും ഈ വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി.