തിരുവനന്തപുരം: മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തതിന്റെ പേരിൽ കോഴിക്കോട് പന്തീരങ്കാവിൽ അറസ്റ്റിലായ യുവാക്കൾക്കെതിരേ യുഎപിഎ (അണ്ലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) നിലനിൽക്കാനുള്ള തെളിവുകളുണ്ടെന്ന് ആവർത്തിച്ച് പോലീസ്. യുഎപിഎ നിലനിൽക്കില്ലെന്നും നിയമം നീക്കണമെന്നുമുള്ള വാദത്തെ ജാമ്യാപേക്ഷ പരിഗണിക്കുന്പോൾ പ്രോസിക്യൂഷൻ എതിർക്കും. സർക്കാർ പ്ലീഡർ ഇത്തരത്തിൽ കോടതിയിൽ നിലപാട് വ്യക്തമാക്കുമെന്നുമാണു സൂചന.
യുഎപി കേസുകളിൽ സെഷൻസ് കോടതികൾ സാധാരണ ജാമ്യം നൽകാറില്ല. കുറ്റപത്രം തയാറായി കഴിയുന്പോഴോ 90 ദിവസ കാലാവധിക്കു ശേഷമോ ആണ് ഇത്തരം കേസുകളിൽ ജാമ്യം ലഭിക്കാൻ സാധ്യത. സംഭവത്തിൽ കേസ് വിവരങ്ങൾ വേഗത്തിൽ ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി അധ്യക്ഷനായ യുഎപിഎ പരിശോധനാ സമിതിക്കു കൈമാറാൻ പോലീസിനോടു സർക്കാർ നിർദേശിച്ചിട്ടുണ്ട്.
സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പ്രോസിക്യൂഷൻ അനുമതിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഇതിനുശേഷം മാത്രമേ ഇനി കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതടക്കമുള്ള തുടർനടപടികൾ പോലീസിനു സ്വീകരിക്കാനാകൂ.
അതേസമയം, സിപിഎം പ്രവർത്തകരായ യുവാക്കളെ യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തതു മേലുദ്യോഗസ്ഥരുടെ അറിവോടെയെന്നാണു സൂചന. യുഎപിഎ ചുമത്തുന്നതിന് മുന്പ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതി ലോക്കൽ പോലീസ് തേടിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതും യുഎപിഎ ചുമത്തിയതും വ്യക്തമായ നിർദേശത്തെത്തുടർന്ന് മാത്രമാണ്. യുഎപിഎ ചുമത്തുന്നതിനു മുന്നോടിയായി ഡിജിപി പുറപ്പെടുവിച്ച മാനദണ്ഡങ്ങളെല്ലാം പാലിച്ചിരുന്നതായി പന്തീരാങ്കാവ് പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവിയുടെ അനുമതി വാങ്ങണമെന്നാണു ഡിജിപിയുടെ നിർദേശം. ഇതു പ്രകാരം സിറ്റി പോലീസ് കമ്മീഷണർ എ.വി.ജോർജിന്റെ അനുമതി പന്തീരാങ്കാവ് പോലീസ് വാങ്ങിയിരുന്നു.
എഫ്ഐആർ തയാറാക്കിയതും കമ്മീഷണറുടെയും മറ്റും അനുമതിയോടെ തന്നെയാണ്. സിപിഎം പ്രവർത്തകരായതിനാൽ കമ്മീഷണർ ഐജിയെയും ഐജി എഡിജിപിയെയും ഡിജിപിയെയും ഇക്കാര്യം അറിയിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ് നടപടികളിലേക്കു പോലീസ് നീങ്ങിയത്.
മുഖ്യമന്ത്രി കോഴിക്കോട് എത്തുന്നതിനു മണിക്കൂറുകൾക്കു മുന്പാണ് അറസ്റ്റ്. അതിനാൽ യുഎപിഎ ചുമത്തുന്നതും മറ്റും വിവാദത്തിനിടയാക്കുമെന്നു പോലീസിന് അറിയാമായിരുന്നു. ഇതോടെ മേലുദ്യോഗസ്ഥരുടെ അനുമതി വാങ്ങിയ ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.