നിലന്പൂർ: വയനാട്ടിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് പ്രവർത്തകൻ പാണ്ടിക്കാട്ടെ സി.പി ജലീൽ വെടിയേറ്റു മരിച്ച സാഹചര്യത്തിൽ നിലന്പൂർ വനാതിർത്തികളിൽ സുരക്ഷ ശക്തമാക്കി പോലീസും തണ്ടർബോൾട്ടും. മലപ്പുറം ജില്ലയിൽ മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ഭാഗങ്ങളിലാണ് പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയത്. സംസ്ഥാനത്ത് ആദ്യമായി മാവോയിസ്റ്റുകൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊലചെയ്യപ്പെട്ടത് 2016 നവംബർ 24നാണ് നിലന്പൂർ കരുളായി വനത്തിലെ ഉണക്കപ്പാറയിലാണ്.
മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗം കുപ്പു ദേവരാജ്, അജിത എന്നിവർ വെടിയേറ്റു മരിച്ചത്. രണ്ടരവർഷം തികയും മുന്പു വയനാട്ടിൽ വീണ്ടും പോലീസിന്റെ വെടിയേറ്റ് മാവോയിസ്റ്റ് മരണപ്പെട്ട സാഹചര്യത്തിൽ പ്രത്യാക്രമണം ഉണ്ടാകാനുളള സാധ്യത മുന്നിൽ കണ്ടാണ് സുരക്ഷ ശക്തമാക്കിയത്.
സ്റ്റേഷനുകളിൽ കൂടുതൽ തണ്ടർ ബോൾട്ടുകളെ വിന്യസിച്ചിട്ടുണ്ട്. വഴിക്കടവ്, നിലന്പൂർ, എടക്കര പോലീസ് സ്റ്റേഷനുകളിൽ കന്പിവലയോടു കൂടിയ പ്രതിരോധ മതിലുകളാണ് ഒരുക്കിയിരിക്കുന്നത്. നാതിർത്തിയോട് ചേർന്ന് കിടക്കുന്ന വഴിക്കടവ്, പോത്തുകൽ, അമരന്പലം, പൂക്കോട്ടുംപാടം, കാളികാവ് പോലീസ് സ്റ്റേഷനുകൾക്കു നിലവിൽ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെങ്കിലും കൂടുതൽ കരുതലോടെ ഇരിക്കാനാണ് അതീവ സുരക്ഷയൊരുക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷം കരുളായി, മരുത, മുണ്ടേരി, പാട്ടകരിന്പ് എന്നിവിടങ്ങളിൽ പലതവണ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നേതാക്കൾ കൊല്ലപ്പെട്ടതോടെ ആൾബലം കുറഞ്ഞിരുന്നുവെന്ന വിവരമാണ പോലീസ് പുറത്തുവിട്ടിരുന്നത്. എന്നാൽ തങ്ങളുടെ നേതാക്കളെ കൊലപ്പെടുത്തിയതിൽ പ്രത്യാക്രമണം നടത്തുമെന്ന് പലയിടത്തും സാന്നിധ്യമറിയിച്ച് മാവോയിസ്റ്റുകൾ മുന്നറിയിപ്പ് നൽകി വരികയാണ്. വിക്രം ഗൗഡ, സോമൻ എന്നിവരുടെ നേതൃത്വത്തിലാണ് നിലന്പൂർ-വയനാട് വനത്തിൽ സംഘം പ്രവർത്തിക്കുന്നത്.
നിലന്പൂരിലെ ഏറ്റുമുട്ടലിനു ശേഷം കർണാടക, തമിഴ്നാട്, കേരള സംഗമ കേന്ദ്രമായ ട്രൈജങ്ഷൻ കേന്ദ്രീകരിച്ച് കൂടുതൽ പേർ വനത്തിൽ തന്പടിച്ചിരുന്നു. നിലന്പൂർ-വയനാട് വനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാടുകാണി ദളം, കബനിദളം എന്നിവയുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങായി തിരിഞ്ഞാണ് നിലന്പൂർ, വയനാട് ഭാഗങ്ങളിൽ ഒരേ സമയം പ്രത്യക്ഷപ്പെടുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു പ്രതിഷേധമെന്നാണം വിവിധയിടങ്ങളിൽ ലഘുലേഖകളും പോസ്റ്ററുകളും പതിക്കുകയും കോളനി നിവാസികൾക്ക് ഉൾപ്പെടെ ക്ലാസെടുക്കുകയും ചെയ്തിരുന്നു. അതേസമയം അതിർത്തി ചെക്കുപോസ്റ്റുകളിൽ പോലീസ് പരിശോധന കർശനമാക്കി. അന്തർസംസ്ഥാന പാതയായ കെ.എൻ.ജി റോഡിൽ വഴിക്കടവ് ആനമറിയിലും തമിഴ്നാട് അതിർത്തിയായ നാടുകാണിയിലുമാണ് പോലീസ്, വനം സേനകൾ പരിശോധന കർശനമാക്കിയത്. ബുധനാഴ്ചയുണ്ടായ സംഭവത്തിന് ശേഷം അന്തർസംസ്ഥാന പാതകളിൽ പോലീസ് സേനയുടെ നേതൃത്വത്തിൽ വാഹന പരിശോധനയടക്കം നടന്നുവരികയാണ്.
കേരളത്തിൽ നിന്നു തമിഴ്നാട്ടിലേക്കും തിരിച്ച് കേരളത്തിലേക്കും വരുന്ന വാഹനങ്ങൾ നിർത്തി വിശദമായ പരിശോധനകൾക്ക് ശേഷമാണ് കടത്തിവിടുന്നത്. വഴിക്കടവ് എസ്ഐ ബി.എസ് ബിനുവിന്റെയും, എഎസ്ഐ ബാബുരാജിന്റെയും, വനം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ആനമറിയിൽ പരിശോധന തുടരുകയാണ്. ഇതിനിടെ വയനാടുമായി ബന്ധപ്പെട്ടു കിടക്കുന്ന നിലന്പൂർ-മുണ്ടേരി വനമേഖലയിൽ തണ്ടർബോൾട്ട് സേന വ്യാഴാഴ്ച തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.