കോഴിക്കോട് : മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തവരില്‍ നിന്ന് കണ്ടെടുത്ത രഹസ്യാകോഡിലുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ പോലീസ് ശ്രമം. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും ഡയറിയില്‍ എഴുതിയ രഹസ്യകോഡുകളെന്തെന്ന് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ കീഴടങ്ങിയ മാവോയിസ്റ്റുകളില്‍ നിന്നും മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനരീതികളും മറ്റും അറിയാവുന്ന വിദഗ്ധരില്‍നിന്നും രഹസ്യകോഡിനെ കുറിച്ച് മനസിലാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതേസമയം ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത കോഡുകളാണുള്ളതെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.
അതിനാല്‍ ഡയറിയിലെ ഉള്ളടക്കം തിരിച്ചറിയുകയെന്നത് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പിടിയിലായ യുവാക്കളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നത് വഴി ഇത് തിരിച്ചറിയാനാവുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. 2016 നവംബര്‍ 24 നു മലപ്പുറം നിലമ്പൂര്‍ കരുളായി പടുക്ക വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സേനയുടെ വെടിയേറ്റു മരിച്ച മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ മരണശേഷമാണ് പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയ താഹ ഫസല്‍ മാവോയിസ്റ്റ് ആശയങ്ങളുമായി സജീവമായി രംഗത്തെത്തിയതെന്ന് പോലീസ് അറിയിച്ചു.
കുപ്പുദേവരാജിന്റെ മരണവും തുടര്‍ന്നുണ്ടായ ചര്‍ച്ചകളും മാവോയിസ്റ്റ് ആശയങ്ങള്‍ പിന്തുടരാന് താഹയ്ക്ക് പ്രചോദനമേകിയെന്നാണ് പോലീസ് കരുതുന്നത്. ഇതോടെ കോഴിക്കോട് നഗരത്തിലും മറ്റും പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് അനുഭാവികളുമായി അടുത്തിടപെടാന്‍ സാധിച്ചു. അതുവഴിയാണ് പോലീസിനെ കണ്ടപ്പോള്‍ ഓടിയൊളിച്ച മാവോയിസ്റ്റ് നേതാവിലേക്ക് എത്തിയത്. ഓടിയൊളിച്ചയാള് ഉണ്ണിയെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
താഹയ്ക്കൊപ്പം പിടിയിലായ അലന് എന്നിവരുമായി പതിവായി ബന്ധപ്പെടുന്നവരുടെ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഇരുവരുടേയും ഫോണ്‍കോള്‍ പരിശോധനയിലൂടെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഇരുവരുമായും ബന്ധപ്പെടുന്നവരില് ചിലരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരേയും നിരീക്ഷിച്ചുവരികയാണ്.