മുക്കം: മുത്തപ്പൻ പുഴയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം .ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ആയുധധാരികളായ സംഘമെത്തുന്നത്. വെള്ളിയാഴ്ച രാത്രി മുത്തപ്പൻപുഴ മറിപ്പുഴ റോഡിൽ മുണ്ടക്കൽ ബെന്നിയുടെ വീട്ടിലാണ് രാത്രിയിൽ മാവോയിസ്റ്റുകൾ എത്തിയത്. വൈകിട്ട് ഏഴിന് എത്തിയ സംഘം മൂന്നര മണിക്കൂറോളം വീട്ടിൽ ചെലവഴിച്ച ശേഷം 10 .30 ഒടെയാണ് തിരിച്ചു പോയത്.
വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച സംഘം ഭക്ഷണസാധനങ്ങളും എടുത്താണ് മടങ്ങിയത്. സംഘം മടങ്ങുമ്പോൾ ലഘുലേഖകളും വിതരണം ചെയ്തിട്ടുണ്ട്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘമാണ് ബെന്നിയുടെ വീട്ടിലെത്തിയത്. സംഘം വന്നപ്പോൾ ബെന്നിയുടെ ഭാര്യയും മൂന്നു മക്കളും മാത്രമാണ് ഉണ്ടായിരുന്നത്.
ബെന്നി ജോലി ആവശ്യാർത്ഥം കോഴിക്കോട് ആയിരുന്നു. തോട്ടം തൊഴിലാളികൾ അടിമകളല്ല,പാടി മുറികളിലെ ദുരിത ജീവിതത്തിൽ നിന്നും സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുക, തുടങ്ങിയ തലക്കെട്ടുകളോടെ കനൽ പാത എന്ന നാടുകാണി പിഎൽജിഎ ബുള്ളറ്റിൻ ലഘുലേഖയാണ് വിതരണം ചെയ്തത്.
തോട്ടം തൊഴിലാളികളുടെ ടെ മിനിമം കൂലി 800 ആക്കുക, തോട്ടം തൊഴിലാളികൾക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും ലഘുലേഖയിൽ പറയുന്നു. തുടർച്ചയായുള്ള മാവോയിസ്റ്റുകളുടെ വരവ് നാട്ടുകാരിൽ ഭീതി ഉളവാക്കിയിട്ടുണ്ട്.തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘത്തിലെ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു.
കഴിഞ്ഞദിവസം മുത്തപ്പൻ പുഴയിൽ വന്ന മാവോയിസ് സംഘത്തോടൊപ്പം ഉണ്ടായിരുന്ന സോമനെയാണ് തിരിച്ചറിഞ്ഞത്. കൂടെയുണ്ടായിരുന്നവരെ തിരിച്ചറിയുന്നതിനുള്ള അന്വേഷണത്തിലാണ് പോലീസ്. ഇക്കഴിഞ്ഞ എട്ടിന്തുറക്കൽ ജോജോയുടെ വീട്ടിലും മാവോയിസ്റ്റുകൾ എത്തിയിരുന്നു. രാത്രി 8.30 ഓടെ എത്തിയ സംഘം തങ്ങൾ മാവോയിസ്റ്റുകളാണന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നു.
തുടർന്ന് വീട്ടിൽ നിന്ന് ഭക്ഷണം ഉണ്ടാക്കിക്കഴിച്ച സംഘം ഭക്ഷണ സാധനങ്ങളും ശേഖരിച്ച് രാത്രി 10.30 ഓടെ കാട്ടിലേക്ക് തന്നെ മടങ്ങി. മലയാളം സംസാരിക്കുന്ന ആയുധധാരികളായ സംഘമാണ് ഇവിടെ എത്തിയത്.വീട്ടുകാർക്ക് ലഘുലേഖകളും വിതരണം ചെയ്തിരുന്നു . കഴിഞ്ഞ മാസം കൂടരഞ്ഞി പൂവാറംതോട്ടിലും അതിന് മുൻപ് തിരുവമ്പാടി പൊന്നാങ്കയത്തും മാവോയിസ്റ്റ് സംഘം എത്തിയിരുന്നു.