കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ യുവാക്കൾക്കെതിരായ കേസ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുകയാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും നല്ലൊരു വിഭാഗം തീവ്രവാദികളാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
മാവോയിസ്റ്റ് ബന്ധത്തിൽ അറസ്റ്റിലായവരെ രക്ഷിക്കാൻ ശ്രമിക്കുന്നത് അതീവ ഗൗരവതരമാണ്. കോടതിയിൽ പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിക്കുകയാണ്. നിരോധിത സിപിഐ മാവോയിസ്റ്റ് ഭീകരവാദ സംഘടനയുടെ കേഡറുകളാണ് അറസ്റ്റിലായവർ. ഇവർക്ക് അന്തർസംസ്ഥാന മാവോവാദികളുമായി ബന്ധമുണ്ട്. എഫ്ഐആർ വായിക്കാതെയാണു പ്രതികളെ രക്ഷിക്കാൻ ചെന്നിത്തല മുറവിളി കൂട്ടുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
രാജ്യദ്രോഹ കേസിലെ പ്രതികളെ സംരക്ഷിക്കാൻ സിപിഎം, കോണ്‍ഗ്രസ്, സിപിഐ കൂട്ടുകെട്ട് ശ്രമിക്കുകയാണ്. യുഎപിഎ കേസുകളിൽ നിരപരാധിത്വം പ്രഖ്യാപിക്കാൻ മന്ത്രിമാർക്ക് ആരാണ് അവകാശം നൽകിയത്. നാളെ ഇവർ കുറ്റക്കാരാണെന്നു തെളിഞ്ഞാൽ ഇവർ എന്തു മറുപടി പറയുമെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
എസ്എഫ്ഐയിലും ഡിവൈഎഫ.ഐയിലും നല്ലൊരു വിഭാഗവും തീവ്രവാദികളാണ്. അതിനാലാണു പാർട്ടി ഇവർക്കു പിന്തുണ നൽകുന്നത്. യുഎപിഎ പിൻവലിക്കാനാണു തീരുമാനമെങ്കിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വെറുതെ ഇരിക്കില്ല. മുന്‍പു തീവ്രവാദ കേസുകളിൽ പ്രതികൾക്കൊപ്പം നിന്ന അതേ നിലപാടാണു സിപിഎമ്മും കോണ്‍ഗ്രസും ഈ കേസിൽ സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.