കൽപ്പറ്റ: മാവോയിസ്റ്റ് മലപ്പുറം പാണ്ടിക്കാട് സി.പി. ജലീൽ മാർച്ച് ആറിനു രാത്രി ലക്കിടി ഉപവൻ റിസോർട്ട് വളപ്പിൽ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ കേസെടുത്തു അന്വഷണം നടത്തുന്നതിനു ഉത്തരവു തേടി മനുഷ്യാവകാശ സംഘടനകൾ കോടതിയെ സമീപിക്കും.
പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്(പിയുസിഎൽ) പ്രവർത്തകൻ അഡ്വ.പി.എ. പൗരൻ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിലെ അഡ്വ.തുഷാർ നിർമൽ സാരഥി, സെന്റർ ഫോർ പ്രൊട്ടക്ഷൻ ഓഫ് ഡമോക്രാറ്റിക് റൈറ്റ്സ്(സിപിഡിആർ) പ്രതിനിധി എസ്. ഗോപാൽ, സഖാവ് വർഗീസ് അനുസ്മരണ സമിതി കണ്വീനർ ഗ്രോ വാസു എന്നിവർ അറിയിച്ചതാണ് വിവരം. റിസോർട്ടിൽ നടന്ന വെടിവയ്പ്പിലും ജലീലിന്റെ മരണത്തിലും ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്.
ഉപവൻ റിസോർട്ട് സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി ഡോ.ശ്രീനവാസന്റെ മേൽനോട്ടത്തിൽ അന്വേഷിക്കുന്നത്. റിസോർട്ടിൽ ആയുധങ്ങളുമായി അതിക്രമിച്ചുകയറിയതിനും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുന്നതിനായി പണം പിരിച്ചതിനുമാണ് കേസുകളിൽ ഒന്ന്. പോലീസുകാരെ വെടിവച്ചുകൊല്ലാൻ ശ്രമിച്ചതിനാണ് രണ്ടാമത്തേത്. വൈത്തിരി പോലീസ്സ്റ്റേഷനിൽ യഥാക്രമം 80/19, 81/19 നന്പരുകളിൽ രജിസ്റ്റർ ചെയ്തതാണ് ഈ കേസുകൾ.
മാവോയിസ്റ്റ് ജലീലിന്റെ മരണത്തിൽ പ്രത്യേകം കേസെടുത്തിട്ടില്ല. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കേസിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ച് 2015ൽ സുപ്രധാന വിധി പുറപ്പെടുവിച്ചിട്ടുണ്ട്. പോലീസുമായുള്ള ഏറ്റമുട്ടലും മരണങ്ങളും ഉണ്ടാകുന്ന സംഭവങ്ങളിൽ പ്രതികൾക്കെതിരെ മാത്രമല്ല, പോലീസിനെതിരെയും കേസ് രജിസ്റ്റർ ചെയ്യണമെന്നു വിധിയിൽ വ്യക്തമായി പറയുന്നുണ്ട്.
ഏറ്റമുട്ടലിൽ പോലീസ് സംഘത്തിനു നേതൃത്വം നൽകിയ ആളെക്കാൾ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നും സുപ്രീം കോടതി നിർദേശമുണ്ട്. ഇതിന്റെ ലംഘനമാണ് ലക്കിടി സംഭവത്തിൽ കണ്ടത്. ജലീലിന്റെ മരണവുമായി ബന്ധപ്പെട്ടു വയനാട് ജില്ലാ സെഷൻസ് കോടതിയിൽ ബന്ധുക്കൾ നൽകിയതിന്റെ അനുബന്ധ കേസുകളിൽ മനുഷ്യാവകാശ സംഘടനകൾ കക്ഷിചേരുമെന്നും മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു.
സുജ ഭാരതി, അഡ്വ.അലാവുദ്ദീൻ, അഡ്വ.രാജ, ശ്രീകാന്ത് ഉഷ പ്രഭാകരൻ, ഡോ.പി.ജി. ഹരി എന്നിവരും പങ്കെടുത്തു. സുജ ഭാരതി, അഡ്വ.അലാവുദ്ദീൻ, അഡ്വ.രാജ, ശ്രീകാന്ത് ഉഷ പ്രഭാകരൻ, ഡോ.പി.ജി. ഹരി എന്നിവരും പങ്കെടുത്തു.