കൽപ്പറ്റ: മാവോയിസ്റ്റ് സി.പി. ജലീൽ മാർച്ച് ആറിനു രാത്രി വൈത്തിരി ഉപവൻ റിസോർട്ട് വളപ്പിൽ പോലീസ് വെടിയേറ്റു മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം തുടങ്ങി. അന്വേഷണച്ചുമതലയുള്ള വയനാട് ജില്ലാ കളക്ടർ എ.ആർ. അജയകുമാർ മലപ്പൂറം ജില്ലാ പോലീസ് മേധാവി മുഖേന സമൻസ് അയച്ചതിൽ ജലീലിന്റെ മാതാവും സഹോദരങ്ങളും ബന്ധുക്കളും അടക്കം ഒന്പതുപേർ ഇന്നലെ കളക്ടറേറ്റിലെത്തി തെളിവു നൽകി.
ജലീലിന്റെ മാതാവ് മലപ്പുറം പാണ്ടിക്കാട് ചെറുക്കപ്പള്ളി പി.പി. അലീമ, പട്ടിക്കാട് ചെട്ടിയാംതൊടി സി.ടി. ഷെരീഫ, പാണ്ടിക്കാട് ചെറുക്കാപ്പള്ളി സി.പി. മൊയ്തീൻ, സി.പി. റഷീദ്, സി.പി. ഇസ്മയിൽ, സി.പി. അൻസാർ, സി.പി. ജീഷാദ്, സി.പി. ഖദീജ, സി.പി. നൂർജഹാൻ, സി.പി. നഹാസ് റഹ്മാൻ, കരുവാരക്കുണ്ട് പുലമണ്ണ ചെറുക്കാപ്പള്ളി അബ്ദുൽ അസീസ്, പാണ്ടിക്കാട് മുക്കിലങ്ങാടി കുന്നത്തുപറന്പ വേലുക്കുട്ടി, മകൻ വിനോദ്, മലപ്പുറം ചോലയ്ക്കൽ പരുത്തിപ്പറ്റ പി.പി. പുഷ്പലത എന്നീ 14 പേർക്കാണ് സമൻസ് അയച്ചത്.
ഇതിൽ ജലീലിന്റെ സഹോദങ്ങളായ ഖദീജ, ഒളിവിലുള്ള മൊയ്തീൻ, ജയിലിലുള്ള ഇസ്മയിൽ, സഹോദരീഭർത്താവ് വിനോദ്, വിനോദിന്റെ പീതാവ് വേലുക്കുട്ടി എന്നിവർ ഒഴികെയുള്ളവർ തെളിവെടുപ്പിനെത്തി. ജൂലൈ ഒന്നിനു ഉച്ചകഴിഞ്ഞു രണ്ടിനു ഹാജരായി തെളിവ് നൽകണമെന്നും വീഴ്ചയുണ്ടായാൽ വാറന്റ് പുറപ്പെടുവിക്കുമെന്നും ജൂണ് 26നു തയാറാക്കിയ സമൻസിൽ വ്യക്തമാക്കിയിരുന്നു.
ജലീൽ വയനാട്ടിലെ ലക്കിടിയിൽ പോലീസ് വെടിയേറ്റു മരിച്ച സംഭവത്തിൽ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് താമസിക്കുന്ന കുടുംബാംഗങ്ങൾ എന്തു തെളിവാണ് നൽകേണ്ടതെന്നു മാതാവ് അലീമ അന്വേഷണ ഉദ്യോഗസ്ഥനോടു ആരാഞ്ഞു. മജിസ്റ്റീരിയൽ അന്വേഷണം സത്യം പുറത്തുവരാൻ ഉതകുമെന്ന പ്രതീക്ഷയിലാണ് തെളിവെടുപ്പിനു ഹാജരായതെന്നു അവർ പറഞ്ഞു. ജലീലിനെ പോലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കുകയായിരുന്നുവെന്ന ആരോപണം കുടുംബാംഗങ്ങളിൽ ചിലർ തെളിവെടുപ്പിനിടെ ആവർത്തിച്ചു.
ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ മാർച്ച് 11നാണ് മജിസ്റ്റീരിയൽ അന്വേഷണത്തിനു ഉത്തരവായത്. വെടിവയ്പ്പ് നടന്നപ്പോൾ ഉപവൻ റിസോർട്ട് വളപ്പിൽ ഉണ്ടായിരുന്ന ജീവനക്കാർ, മാവോയിസ്റ്റുകൾക്കുനേരേ നിറയോഴിച്ച പോലീസ് സംഘത്തിൽപ്പെവർ എന്നിവരടക്കമുള്ളവരിൽനിന്നു ഇനിയും തെളിവെടുത്തിട്ടില്ല.