കൽപ്പറ്റ: വൈത്തിരി ഉപവൻ റിസോർട്ടിൽ മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവായി. വയനാട് ജില്ലാ കളക്ടർ എ.ആർ. അജയകുമാറിനാണ് അന്വേഷണ ചുമതല. ഇത് സംബന്ധിച്ച ഉത്തരവ് അഡീഷണൽ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ചു.
കഴിഞ്ഞ ആറിന് രാത്രിയാണ് കബനിദളം നേതാവ് മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി. ജലീൽ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ചന്ദ്രുവെന്ന മറ്റൊരു മാവോയിസ്റ്റിന് ഗുരുതര പരിക്കേറ്റിരുന്നതായും സംശയമുണ്ട്. പിറ്റേ ദിവസമാണ് ജലീൽ കൊല്ലപ്പെട്ട വിവരം പുറത്ത് വന്നത്.
പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് ജലീൽ കൊല്ലപ്പെട്ടത് എന്ന വാദം ജലീലിന്റെ സഹോദരൻ സി.പി. റഷീദും മനുഷ്യാവകാശ പ്രവർത്തകരും തള്ളിക്കളഞ്ഞിരുന്നു. സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണം വേണമെന്ന് ബന്ധുക്കൾ പരാതിയും നൽകിയിരുന്നു. ഇപ്പോൾ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ആറ് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.