കൽപ്പറ്റ: മാവോയിസ്റ്റ് മലപ്പുറം പാണ്ടിക്കാട് വാളരാട് ചെറുക്കപ്പള്ളി സി.പി. ജലീൽ(40) മാർച്ച് ആറിനു രാത്രി വൈത്തിരി ഉപവൻ റിസോർട്ട് വളപ്പിൽ പോലീസ് വെടിയേറ്റു മരിച്ചതുമായി ബന്ധപ്പെട്ട കേസ് ബന്ധുക്കളുടെ പരാതിയും ഉൾപ്പെടുത്തി അന്വേഷിക്കാൻ ജില്ലാ സെഷൻസ് ജഡ്ജ് കെ.പി. ജോണ് ജില്ലാ പോലീസ് മേധാവിക്കു നിർദേശം നൽകി.
കേസിൽ ഇതിനകം നടന്ന അന്വേഷണം സംബന്ധിച്ചു റിപ്പോർട്ടു സമർപ്പിക്കാനും കോടതി നിർദേശിച്ചു. കൊല്ലപ്പെട്ട ജലീലിന്റെ സഹോദരനും മനുഷ്യാവകാശ പ്രവർത്തകനുമായ സി.പി. റഷീദ് സമർപ്പിച്ച ഹരജിയാണ് കോടതി തീർപ്പാക്കിയത്.
ജലീലിനെ പോലീസ് ആസൂത്രിതമായി വധിക്കുകയായിരുന്നുവെന്ന സംശയമാണ് ബന്ധുക്കൾക്ക്. ജലീലിന്റെ മരണവുമായി ബന്ധപ്പെട്ടു പോലീസ് പുറത്തുവിട്ട തെളിവുകളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും അവർ കരുതുന്നു. ഇക്കാര്യങ്ങളും അന്വേഷണ വിധേയമാക്കണമെന്നായിരുന്നു ഹരജിയിലെ മുഖ്യആവശ്യം.