റെനീഷ് മാത്യു
കണ്ണൂർ: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലടക്കം ആറ് ട്രൈബൽ കോളനികളിൽ വിപ്ലവ ജനകീയ കമ്മിറ്റികൾ സ്ഥാപിച്ച് മാവോയിസ്റ്റുകളുടെ സ്വാധീനം ശക്തമാക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. റവല്യൂഷനറി പീപ്പിൾസ് കമ്മിറ്റി എന്ന പേരിൽ മാവോയിസ്റ്റ് സംഘടന രൂപീകരിക്കുന്ന ആർപിസി ഒരു പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ മതിയായ സ്വാധീനമുണ്ടെന്ന് വ്യക്തമാവുകയും അവരുടെ ദൈനംദിന കാര്യങ്ങളില്‍ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയുന്ന ഘട്ടത്തിലെത്തുകയും ചെയ്യുമ്പോഴാണ് സാധാരണയായി ആര്‍പിസികള്‍ രൂപീകരിക്കുന്നത്.
മാവോയിസ്റ്റുകളുടെ സ്വാധീനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേരള-കർണാടക-തമിഴ്നാട് ട്രൈ ജംഗ്ഷനിൽപ്പെട്ട കോളനികളാണ് വിപ്ലവ ജനകീയ കമ്മിറ്റികൾ രൂപീകരിച്ചിരിക്കുന്നത്. പീപ്പിൾ ലിബറേഷൻ ഗറില്ലാ ആർമിയുടെ സായുധ സേനാംഗങ്ങളുടെ മേൽനോട്ടത്തിലായിരുന്നു വിപ്ലവ ജനകീയ കമ്മിറ്റികളുടെ രൂപീകരണം എന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. മാവോയിസ്റ്റുകളുടെ ജനകീയ സര്‍ക്കാര്‍ രൂപീകരണത്തിന്റെ ആദ്യ ഘട്ടമാണ് ജനകീയ വിപ്ലവ കമ്മിറ്റി.
മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ് കൊല്ലപ്പെട്ട ശേഷം കേന്ദ്ര കമ്മിറ്റിയംഗമായ കർണാടക സ്വദേശി ബി.ജി. കൃഷ്ണമൂർത്തിക്കാണ് കേരളത്തിന്റെ ചുമതല. ഇയാൾ നേതൃത്വം ഏറ്റെടുത്ത ശേഷം പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് നിരവധി മീറ്റിംഗുകൾ നടന്നതായും ആർപിസികൾ രൂപീകരിച്ചതായും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു.
2014 മുതൽ 2016 വരെ കേരളത്തിൽ 23 മാവോയിസ്റ്റ് ആക്രമണങ്ങളാണ് കേരളത്തിൽ നടന്നിരിക്കുന്നത്. 2017 ൽ കേരളത്തിൽ ആക്രമണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് നിരവധി മീറ്റിംഗുകൾ നടന്നിട്ടുണ്ട്. ട്രൈ ജംഗ്ഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വരാഹണി ദളവും പാലക്കാട് അട്ടപ്പാടി കേന്ദ്രീകരിച്ച ഭവാനി ദളവും ആണ് ഇപ്പോൾ കേരളത്തിൽ പ്രവർത്തിക്കുന്നത്.
2017 ൽ കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗം പുറത്തിറക്കിയ മാവോയിസ്റ്റ് സ്വാധീനമുള്ള 106 ജില്ലകളിൽ കേരളം ഇടംനേടിയില്ലെങ്കിൽ 2018 ൽ പുറത്തുവിട്ട പട്ടികയിൽ പാലക്കാടും മലപ്പുറവും ഇടം നേടിയിട്ടുണ്ട്. മാവോയിസ്റ്റ് സ്വാധീനം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ കേരള, കർണാടക, തമിഴ്നാട് മാവോയിസ്റ്റ് വിരുദ്ധ സേനകളുടെ പ്രവർത്തനം ശക്തമാക്കാൻ ആഭ്യന്തരസുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.