കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ കൈയക്ഷരം പരിശോധനക്കായി ശേഖരിച്ചു. സിപിഎം ബ്രാഞ്ച് അംഗം പന്തീരങ്കാവ് മൂര്‍ക്കനാട് കോട്ടുമ്മല്‍ താഹ ഫസലിന്റെ കൈയക്ഷരമാണ് പരിശോധിക്കുന്നത്.
കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന താഹയുടെ കൈയക്ഷരം പരിശോധിക്കാന്‍ അനുമതി ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ സൗത്ത് അസി.കമ്മീഷണര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കോടതി ഈ അപേക്ഷ പരിഗണിച്ച് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
താഹയുടെ വീട്ടില്‍ നിന്ന് പോലീസ് നിരവധി ലഘുലേഖകളും ഡയറിക്കുറിപ്പുകളും കണ്ടെത്തിയിരുന്നു. ഇവ താന്‍ എഴുതിയതാണെന്ന് താഹ പോലീസിന് മൊഴിയും നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ പിന്നീട് ഇക്കാര്യം മാറ്റിപറയാനുള്ള സാധ്യതയുള്ളതിനാലാണ് പോലീസ് ശാസ്ത്രീയമായ രീതിയില്‍ ഇക്കാര്യം തെളിയിക്കുന്നത്.
ഫോറന്‍സിക് സയന്‍സ് ലാബിലെ ഡോക്യുമെന്റ് വിഭാഗത്തില്‍ താഹയുടെ കൈയക്ഷരം പരിശോധിക്കും. ജയിലില്‍ വച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ എഴുതിച്ചതും വീട്ടില്‍ നിന്ന് കണ്ടെത്തിയ കുറിപ്പുകളും തമ്മില്‍ താരതമ്യ പഠനം നടത്തിയാണ് പരിശോധിക്കുന്നത്.
രണ്ട് കൈയക്ഷരങ്ങളും ഒന്നാണെങ്കില് വീട്ടില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത കുറിപ്പുകള്‍ കേസില്‍ താഹക്കെതിരേയുള്ള നിര്‍ണായകതെളിവാകും. അതേസമയം താഹയുടെ വീട്ടില്‍ നിന്ന് രഹസ്യാകോഡിലുള്ള കുറിപ്പുകളും കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനരീതികളും മറ്റും അറിയാവുന്ന വിദഗ്ധരില്‍ നിന്നാണ് രഹസ്യകോഡിനെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്.