സ്വന്തം ലേഖകന്‍
കോഴിക്കോട് : സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയപാര്ട്ടികളിലുള്പ്പെടെ സജീവമായി ഇടപെടുന്ന യുവാക്കള്‍ക്കിടയിലെ അര്‍ബണ്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം അന്വേഷിക്കുന്നു. ദേശീയ അന്വേഷണ ഏജന്‍സിയാണ് (എന്‍ഐഎ) കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നത്.
ഇന്നലെ അറസ്റ്റ് ചെയ്ത വിജിത്ത് വിജിയനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍ഐഎ കരുതുന്നത്. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ പ്രതികളായ താഹാ ഫസലിനും അലന് ഷുഹൈബിനും വിജിത് വിജയനുമായി ബന്ധമുണ്ടെന്നും എന്‍ഐഎ കണ്ടെത്തി.
ഇവരെ അര്‍ബണ്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരാക്കാന്‍ വിജിത്ത് വിജയന് ശ്രമിച്ചിരുന്നുവെന്നും ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍ഐഎ അറിയിച്ചു. സാമനമായ രീതിയില്‍ നിരവധി യുവാക്കളെ വിജിത് വിജിയന് അര്‍ബണ്‍ മാവോയിസ്റ്റുകളാക്കി മാറ്റിയിട്ടുണ്ടെന്നും എന്‍ഐഎ അന്വേഷണസംഘങ്ങള്‍ അറിയിച്ചു.
പ്രവർത്തനം പാർട്ടി പ്രവർത്തകരായി
പാര്‍ട്ടി പ്രവര്ത്തകരെനന്ന നിലയിലാണ് അര്‍ബണ്‍ മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ദളങ്ങളിലുള്ള മാവോയിസ്റ്റുകള്‍ക്കായി നഗരത്തില്‍ പ്രവര്‍ത്തിക്കുന്നതും ലഘുലേഖകളും പോസ്റ്ററുകളും വിവിധ സ്ഥലങ്ങളില്‍ പതിക്കുന്നതും ഇത്തരത്തിലുള്ള സംഘങ്ങളാണ്.
കാട്ടിലുള്ള മാവോയിസ്റ്റുകള്‍ക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും നിറവേറ്റുന്നതും അര്‍ബണ്‍ മാവോയിസ്റ്റുകളാണ്. ഇവരെ ഏകോപിപ്പിക്കുകയെന്ന ദൗത്യവും വിജിത്ത് വിജയനായിരുന്നുള്ളത്.
പന്തീരങ്കാവ് മാവോയിസ്റ്റ് കേസിലെ അലന്റെയും താഹയുടെയും മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിത്തിലേക്കും എല്‍ദോ പൗലോസ്, ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനായ അഭിലാഷ് പടച്ചേരി എന്നിവരിലേക്കും എന്‍ഐഎ അന്വേഷണം എത്തിയത്.
തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വിജിത്തിനെയും എല്‍ദോ പൗലോസ്, അഭിലാഷ് പടച്ചേരി എന്നിവരെയും കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയക്കുകയായിരുന്നു . വിിജിത്ത്, എല്‍ദോ പൗലോസ് എന്നിവര്‍ താമസിച്ചിരുന്ന ചെറുകുളത്തൂര്‍ പരിയങ്ങാട്ടെ വാടക വീടും പരിസരവും പരിശോധിച്ച സംഘം ഒന്‍പത് മൊബൈല്‍ ഫോണ്‍, രണ്ട് ലാപ്പ്, ഇ റീഡര്‍, ഹാര്‍ഡ് ഡിസ്ക്, സിം കാര്‍ഡുകള്‍, മെമ്മറി കാര്‍ഡുകള്‍ എന്നിവ കസ്റ്റഡിയിലെടുത്തിരുന്നു.
സിഡാക്കിലേക്ക് അയച്ച ഡിജിറ്റൽ തെളിവുകളുടെ പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്.ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായകമായ പല വിവരങ്ങളും ലഭിച്ചെങ്കിലും അറസ്റ്റിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിച്ചില്ല.
മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ സാന്നിധ്യം
കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും പെന്‍ഡ്രൈവും പരിശോധിച്ചതില്‍ നിന്നും മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും മറ്റും കണ്ടെത്തിയിരുന്നു. ഇത് പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെടുത്തുന്ന തെളിവുകളായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വിജിത്ത് വിജയനെ അറസ്റ്റ് ചെയ്തത്.
സിപിഎം ഉള്‍പ്പെടെയുള്ള മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ അര്‍ബണ്‍ മാവോയിസ്റ്റ് അനുഭാവികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കേന്ദ്ര-സംസ്ഥാന ആഭ്യന്തരവകുപ്പിന് നല്കിയ റിപ്പോര്‍ട്ട്. എന്‍ഐഎ അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച പന്തീരങ്കാവ് മാവോയിസ്റ്റ് കേസ് ആദ്യം ലോക്കല്‍ പോലീസായിരുന്നു അന്വേഷിച്ചത്. പിന്നീട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എന്‍ഐഎ ഏറ്റെടുത്തത് . സംസ്ഥാന സര്‍ക്കാര്‍ യുഎപിഎ ചുമത്തിയതിനെ തുടര്‍ന്നാണ് കേസ് ഏറ്റെടുക്കണമെന്ന് ആഭ്യന്തരമന്ത്രാലയം എന്‍ഐഎയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.