കൽപ്പറ്റ: കള്ളാടി തൊള്ളായിരത്തിൽ നിർമാണത്തിലിരുന്ന സ്വകാര്യ റിസോർട്ടിൽ നിന്നും കാണാതായ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളേയും കണ്ടെത്തി. ബംഗാൾ സ്വദേശികളായ അലാവുദ്ധീൻ ഷേഖ്, മൊഹ്ദീൻ, മക്ബൂൽ എന്നിവരെയാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി രണ്ടോടെ കള്ളാടിയിലെ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ പോലീസ് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.
സായുധരായ അഞ്ച് പേർ തങ്ങളെ ബന്ധിയാക്കിയിരിക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. നാല് പുരുഷൻമാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് തൊഴിലാളികൾ പറഞ്ഞത്. എന്നാൽ ഇവരുടെ മൊഴികളിൽ വൈരുദ്ധ്യമുള്ളതിനാൽ ഇക്കാര്യങ്ങൾ പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. മാവോയിസ്റ്റ് സംഘമാണ് സംഭവത്തിന് പിന്നിലുള്ളതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
പ്രദേശത്ത് രണ്ട് ഗ്രൂപ്പ് തണ്ടർബോൾട്ട് സംഘങ്ങൾ രണ്ട് പ്രദേശങ്ങളിലായി തെരച്ചിൽ നടത്തുന്നുണ്ട്. നിലന്പൂർ കാടുകളിലേക്ക് സംഘം നീങ്ങാൻ സാധ്യതയുള്ളതിനാൽ തെരച്ചിൽ വ്യാപിപ്പിക്കാനാണ് നീക്കം. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഇവരെ ജില്ലാ എസ്പി ഓഫീസിൽ ചോദ്യം ചെയ്യുകയാണ്.
കോഴിക്കോട് എമറാൾഡ് ഗ്രൂപ്പിന്റെ കൈവശം മേപ്പാടി പഞ്ചായത്തിലെ തൊള്ളായിരിത്തിലുള്ള ഏലത്തോട്ടത്തിൽ നിർമാണത്തിലുള്ള കെട്ടിടത്തിൽ ടൈൽ ജോലിയിൽ ഏർപ്പെട്ടിരുന്ന പശ്ചിമബംഗാൾ സ്വദേശികളായ മൂന്നു തൊഴിലാളികളെയാണ് സായുധസംഘം തടഞ്ഞുവച്ചത്.
സംഘത്തിനു പിടികൊടുക്കാതെ രക്ഷപ്പെട്ട തൊഴിലാളി കെട്ടിടനിർമാണം നടക്കുന്നതിനു കുറച്ചകലെയുള്ള എസ്റ്റേറ്റ് ഗസ്റ്റ് ഹൗസിൽ സന്ധ്യയോടെയെത്തി അറിയിച്ചതാണ് വിവരം. സായുധസംഘം കെട്ടിടം പണി നടക്കുന്ന സ്ഥലത്തെത്തി പണം ആവശ്യപ്പെട്ടുവെന്നും നിരാകരിച്ചപ്പോൾ തടഞ്ഞുവച്ചുവെന്നുമാണ് ഗസ്റ്റ് ഹൗസിലെത്തിയ തൊഴിലാളി അറിയിച്ചത്.
മേപ്പാടിയിൽനിന്നു ഏകദേശം 15 കിലോമീറ്റർ അകലെയാണ് തൊള്ളായിരം. ചൂരൽമലയ്ക്കും അട്ടമലയ്ക്കും ഇടയിലാണ് ഈ പ്രദേശം. ഇതര സംസ്ഥാന തൊഴിലാളികളെ തടഞ്ഞുവച്ചത് മാവോവാദികളാണെന്ന സംശയത്തിലാണ് നാട്ടുകാരും പോലീസും.