റെനീഷ് മാത്യു
കണ്ണൂർ: കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് കീഴടങ്ങല്‍ പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ കീഴടങ്ങാൻ മാവോയിസ്റ്റുകൾ. കേരളത്തിലെ നിലമ്പൂർ, അട്ടപ്പാടി കാടുകൾ കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന മാവോയിസ്റ്റ് സംഘത്തിലെ മലയാളികൾ ഉൾപ്പെടെയുള്ളവരാണ് കീഴടങ്ങാൻ തയാറായിരിക്കുന്നത്.
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകൾ ഇവർക്കെതിരേ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകൾ നേരിടുന്നവരാണ് ആദ്യഘട്ടത്തിൽ കീഴടങ്ങുന്നത്. ഇതിനായി മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയുടെ അനുവാദത്തിനായി കാത്തിരിക്കുകയാണ് ഇവർ.
കീഴടങ്ങുന്നവർക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുന്ന നയമാണ് കേരള സർക്കാർ നടപ്പിലാക്കുന്നത്. തീവ്രവാദികളെ അവരുടെ പ്രവര്‍ത്തനവും സംഘടനയിലെ സ്ഥാനവും കണക്കിലെടുത്ത് മൂന്നായി തരംതിരിച്ചിട്ടുണ്ട്. വ്യത്യസ്ത ആനുകൂല്യങ്ങളാണ് ഓരോ വിഭാഗത്തിലുളളവര്‍ക്കും നിര്‍ദ്ദേശിച്ചിട്ടുളളത്.
ഉയര്‍ന്ന കമ്മിറ്റികളിലുളളവരാണ് ഒന്നാം കാറ്റഗറി വിഭാഗത്തില്‍ വരുന്നത്. അവര്‍ കീഴടങ്ങുമ്പോള്‍ അഞ്ചുലക്ഷം രൂപ നല്‍കും. ഗഡുക്കളായാണ് തുക നല്‍കുക. പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 15,000 രൂപ നല്‍കും. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 25,000 രൂപ നല്‍കും. തൊഴില്‍ പരിശീലനം ആവശ്യമുളളവര്‍ക്ക് മൂന്നു മാസം വരെ 10,000 രൂപ നല്‍കും.
കാറ്റഗറി 2 എ, കാറ്റഗറി 2 ബി എന്നിവയില്‍ വരുന്നവര്‍ക്ക് സറണ്ടര്‍ ചെയ്യുമ്പോള്‍ മൂന്നു ലക്ഷം രൂപയാണ് നല്‍കുക. ഇതും ഗഡുക്കളായിട്ടായിരിക്കും നല്‍കുക. തങ്ങളുടെ ആയുധം പോലീസിനെ ഏല്‍പ്പിക്കുന്നവര്‍ക്ക് പ്രത്യേക നിരക്കും പദ്ധതിയുടെ ഭാഗമായി അനുവദിക്കും. ഉദാഹരണമായി എകെ47 സറണ്ടര്‍ ചെയ്യുന്നവര്‍ക്ക് 25,000 രൂപയാണ് നല്‍കുക. മൂന്നു വിഭാഗത്തിലുംപെട്ട വീടില്ലാത്താവര്‍ക്ക് സര്‍ക്കാരിന്റെ ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാനും നിര്‍ദ്ദേശമുണ്ട്.