മുക്കം: കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ പൂവാറംതോട് മാവോയിസ്റ്റുകളെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കൂടരഞ്ഞി പൂവാറംതോട് വടക്കാഞ്ചേരി ഓമനയുടെ വീട്ടിലാണ് മാവോയിസ്റ്റുകൾ എന്നു പരിചയപ്പെടുത്തി വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ അജ്ഞാതനായ യുവാവ് എത്തിയത്.
നേരത്തെയും ഈ പ്രദേശത്തിന് നാലു കിലോമീറ്റർ മാറി കല്ലം പുല്ലിൽ മാവോയിസ്റ്റുകൾ എത്തിയതായി ജനങ്ങൾ പരാതി പറഞ്ഞിരുന്നു. തുടർച്ചയായി മാവോയിസ്റ്റ് സാനിധ്യം ഉണ്ടാവുന്നതിനാലാണ് ജനങ്ങൾ ഭീതിയിൽ കഴിയുന്നത്.
വ്യാഴാഴ്ച രാത്രിയിൽ ഓമന എന്ന സ്ത്രീ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മാവോയിസ്റ്റുകൾ എത്തിയിരുന്നത് . ഇത് ഈ പ്രദേശത്ത കുറിച്ച് മാവോയിസ്റ്റുകൾക്ക് നല്ല ധാരണയുണ്ടന്നാണ് സൂചിപ്പിക്കുന്നത്.
ഓമനയുടെ വീടിന്റെ വാതിലിൽ മുട്ടിയപ്പോൾ പരിചയക്കാരെന്നു കരുതി വാതിൽ തുറന്നപ്പോൾ അകത്തു കടന്ന യുവാവ് താൻ മാവോയിസ്റ്റാറാണെന്ന് പരിചയപ്പെടുത്തുകയും രണ്ടുപേർ പുറത്തുള്ളതായി പറയുകയായിരുന്നു. 45 മിനുട്ടോളം ഇയാൾ ഓമനയുടെ വീട്ടിൽ ചിലവഴിച്ചിട്ടുണ്ട്.
ഇയാൾ പതിച്ച പോസ്റ്ററിൽ വൈത്തിരി റിസോട്ടിൽ വെടിവെപ്പിനിടെ മരിച്ച മാവോയിസ്റ്റ് ജലീലിന്റെ മരണത്തിന് പകരം ചോദിക്കുമെന്ന വ്യക്തമായ സന്ദേശമാണുള്ളത്.തൊവരിമല ഭൂസമര നായകർക്ക് ചുവപ്പൻ അഭിവാദ്യങ്ങൾ, ധീരസഖാവ് സി.പി.ജലീലിന്റെ കൊലയാളികൾക്ക് ഉചിത സമയത്ത് കനത്ത തിരിച്ചടി നൽകുമെന്നുമാണ് ഒരു പോസ്റ്ററിലുള്ളത്.
കനൽപാത മാവോയിസ്റ്റ് എന്ന പേരിലുള്ള രണ്ടാമത്തെ പോസ്റ്ററിൽ കുത്തഴിഞ്ഞ ഭരണകൂടത്തിന്റെ നെറികേടുകൾക്കെതിരെ പോരാടുക എന്നും എഴുതിയിട്ടുണ്ട്. സർക്കാരിനെതിരെ പ്രവർത്തിക്കുന്ന വരാണെന്നും തങ്ങൾ വന്നത് പോലീസ് സ്റ്റേഷൻ ആക്രമിക്കാനും ഇയാൾ പറഞ്ഞതായി ഓമന പറഞ്ഞു.
പോലീസുകാരെ കൊല്ലുമെന്ന് പറഞ്ഞതായും ഓമന പറഞ്ഞു. തങ്ങൾ വന്നത് പോലീസിൽ അറിയിക്കണമെന്നും അവർ വരുമ്പോൾ പോലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് പോലീസിനെ അറിയിക്കാനും നിർദേശം നൽകി. ഭക്ഷണം ചോദിച്ചപ്പോൾ ഇല്ല എന്നു പറഞ്ഞപ്പോൾ കുറച്ചു അരിയും പച്ചക്കറികളും എടുത്തു. പിന്നീട് ഇയാൾ കൊണ്ട് വന്ന പോസ്റ്റർ വീടിന്റെ ചുമരിൽ പതിച്ച ശേഷം പോകുകയായിരുന്നു എന്നും ഓമന പറഞ്ഞു.