കോടഞ്ചേരി: ജീരകപ്പാറയിലെ 160 എക്കറില്‍ മാവോയിസ്റ്റുകള്‍ എത്തി. ഇന്നലെ രാത്രി 7.15 ഓടെയായിരുന്നു സംഭവം. ജീരകപ്പാറ മണ്ഡപത്തില്‍ ജോസിന്റെ വീട്ടിലാണ് സ്ത്രീ ഉള്‍പ്പെടെ അഞ്ചംഗസംഘം എത്തിയത്. മാവോയിസ്റ്റുകളായ പി.പി.മൊയ്തീന് , സോമന് എന്നിവരുള്പ്പെട്ടസംഘമാണ് ഇവിടെ എത്തിയതെന്ന് പോലീസിന് സൂചന ലഭിച്ചു.
ഇതില്‍ നാലുപേര്‍ തമിഴ് സംസാരിക്കുന്നവരായിരുന്നു. ഒരാള്‍ മലയാളം സംസാരിച്ചു. മൊബൈലും ലാപ്ടോപ്പുകളും ചാര്‍ജ് ചെയ്തു. ഭക്ഷണം പാകം ചെയ്ത് കഴിച്ചേശഷമാണ് ഇവര്‍ തിരിച്ച് പോയത്. ‘ഞങ്ങള്‍ സാധാരണക്കാരെ ഉപദ്രവിക്കാറില്ലെന്നും ബ്ലേഡ് മാഫിയകളും അഴിമതിക്കാരായ രാഷ്ട്രീയക്കാരുമാണ് ശത്രുക്കളെന്നും’ ഇവര്‍ ജോസിനോടും മകന് നോബിളിനോടും പറഞ്ഞു.
പച്ച നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇവര്‍ ധരിച്ചിരുന്നത്. ഇവരുടെ കയ്യില്‍ മൂന്ന് വലിയ തോക്കുകളും ഉണ്ടായിരുന്നു. ഒമ്പതോടെ ഇവര്‍ തിരിച്ച് ജീരകപ്പാറ 160 എക്കര്‍ വഴി പോയതായും നോബിള്‍ പോലീസിനോട് പറഞ്ഞു. ഈ ഭാഗത്തുകൂടി എളുപ്പം വയനാട്ടിലേക്ക് കടക്കാം.
ജോസിന്റെ പരാതി ലഭിച്ചതോടെ കോടഞ്ചേരിപോലീസ് സ്ഥലത്തെത്തി വീട്ടുകാരുടെ മൊഴിയെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് താമരമശരി ഡിവൈഎസ്പി അറിയിച്ചു. ആവശ്യമെങ്കില്‍ തണ്ടര്‍ ബോള്‍ട്ടിന്റെ സഹായം തേടും. സംഘത്തിലെ മൊയ്തീൻ നിലന്പൂർ സ്വദേശിയും സോമൻ വയനാടുകാരനുമാണ്.
ഒരാഴ്ച മുൻപ് സോമന്റെ നേതൃത്വത്തിലുള്ള സംഘം കോടഞ്ചേരിയിലെ മലയോരത്ത് എത്തിയിരുന്നു.അന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല. തണ്ടർബോൾട്ട് അടക്കം കേരളാ പോലീസിന് വൻ സംവിധാനങ്ങളുണ്ടെങ്കിലും ഭയം മൂലം ആരും ഉൾവനത്തിൽ തെരച്ചിലിന് മുതിരാറില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.