വെള്ളമുണ്ട: ഏതാനും വർഷങ്ങൾക്ക് മുന്പ് വരെ അർധരാത്രികളിൽ മാത്രം വനത്തിനോട് ചേർന്ന ആദിവാസികോളനികൾ സന്ദർശിക്കുകയും ലഘുലേഖകൾ വിതരണം ചെയ്തും ഭക്ഷണ സാധനങ്ങൾ ശേഖരിച്ചും വനത്തിലേക്ക് മറയുകയും ചെയ്തിരുന്ന മാവോവാദി സംഘങ്ങൾ നാട്ടുകാർക്കിടയിലേക്കിറങ്ങി പ്രവർത്തനം വ്യാപിപ്പിക്കുന്നു. നേരത്തെ തൊണ്ടർനാട് കുഞ്ഞോം, തിരുനെല്ലി പ്രദേശങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന മാവോസംഘങ്ങൾ ഇപ്പോൾ തവിഞ്ഞാലിലും സാന്നിധ്യം വർധിപ്പിച്ചു.
കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് എളുപ്പത്തിൽ മാറി സഞ്ചരിക്കാവുന്ന കേളകം,തിരുനെല്ലി,ബ്രഹ്മഗിരി,പാനോം വിലങ്ങാട്, പേര്യ വനത്തിലൂടെയാണ് സഞ്ചാര പാത തെളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ അന്പായത്തോട് മാവോയിസ്റ്റ് പ്രവർത്തകർ തോക്കുകളേന്തി പ്രകടനം നടത്തിയിരുന്നു.
പോലീസ് വർഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത് എന്നാണ് വിവരം. രാമു, കീർത്തി എന്ന കവിത എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. ഒരാഴ്ച മുന്പ് മാത്രം തലപ്പുഴയിലും പേര്യ അയനിക്കലിലും സമാനരീതിയിലുള്ള സംഭവമുണ്ടായി. തലപ്പുഴ 44 ൽ വൈകുന്നേരം ഏഴോടെയാണ് മാവോ സംഘം കടകളിലൂടെ കയറിയിറങ്ങി നോട്ടീസ് വിതരണം നടത്തിയത്.
പേര്യ അയനിക്കലിൽ ജയണ്ണയുടെ നേതൃത്വത്തിലുള്ള ഒന്പതംഗ സംഘമായിരുന്നു എത്തിയത്. തൊണ്ടർനാട് കുഞ്ഞോത്ത് വിവിധ കോളനികളിൽ നിരന്തരം മാവോ സംഘം സന്ദർശനം നടത്തുന്നതായി പോലീസിന് വിവരമുണ്ട്. നേരത്തെ പോലീസുമായി നേർക്കുനേർ വെടിവെപ്പുണ്ടായ ചാപ്പകോളനി, മട്ടിലിയം, പന്നിപ്പാറ തുടങ്ങിയ കോളനികളിലാണ് മാവോസംഘമെത്തുന്നത്.
ജില്ലയിൽ പ്രവർത്തിക്കുന്ന കബനിദളം നേതാവ് രൂപേഷ് പോലീസ് പിടിയിലായതോടെ ജില്ലയിൽ മാവോവാദി സാന്നിദ്ധ്യം നന്നേകുറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെയാണ് വീണ്ടും വർധിച്ചിരിക്കുന്നത്. മാവോസംഘം സന്ദർശിക്കുകയും പരസ്യമായി പ്രകടനം നടത്തുകയും ചെയ്താൽ പോലീസിനെ അറിയിച്ചാലും കാര്യമായ ഇടപെടലുകളുണ്ടാവാറില്ല.
സായുധരായ മാവോസംഘത്തെ പിന്തുരടരാൻ പോലീസ് തയാറാവാറില്ല. വനത്തിനുള്ളിലേക്കിറങ്ങിയുള്ള പരിശോധനയും കുറവാണ്. ഈ സാഹചര്യം മുതലെടുത്താണ് മാവോ സംഘങ്ങൾ പകൽ വെളിച്ചത്തിൽ പോലും ജനവാസ കേന്ദ്രത്തിലെ പോസ്റ്റർ പതിക്കുകയും മുദ്രാവാക്യം വിളിക്കുയും ചെയ്യുന്നത്.