കൽപ്പറ്റ: വയനാട്ടിലെ ലക്കിടി ഉപവൻ റിസോർട്ട് പരിസരത്ത് ഇന്നലെ രാത്രിയുണ്ടായ പോലീസ്-മാവോയിസ്റ്റ് വെടിവയ്പിൽ ഒരു മാവോയിസ്റ്റ് പ്രവർത്തകൻ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ ആണ് കൊല്ലപ്പെട്ടത്. റിസോർട്ടിനുള്ളിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹമുള്ളത്. തമിഴ്നാട് ക്യു ബ്രാഞ്ച് കൊല്ലപ്പെട്ടത് ജലീലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം.
ഇന്നലെ രാത്രി ആയുധ ധാരികളായ മാവോയിസ്റ്റുകൾ റിസോർട്ടിലെത്തി ഭക്ഷണവും നിർബന്ധിത പണപ്പിരിവും നടത്താൻ ശ്രമിക്കവെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരേ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. ഇതേത്തുടർന്ന് പോലീസും തിരികെ വെടിയുതിർത്തെന്നാണ് പോലീസ് നൽകിയ വിവരം.
മാവോയിസ്റ്റ് നേതാവ് വേൽമുരുകൻ പോലീസ് കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വൈത്തിരി, അംബ, സുഗന്ധഗിരി മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം വർധിച്ച പശ്ചാത്തലത്തിൽ സുഗന്ധഗിരിയിൽ പോലീസ് ഒൗട് പോസ്റ്റ് സ്ഥാപിച്ചിരുന്നു.
ഇതിൽ പരിഭ്രാന്തരായ മാവോയിസ്റ്റുകൾ പോലീസിനെ വെല്ലുവിളിക്കുന്നതിനായാണ് ഉപവൻ റിസോർട്ടിൽ എത്തിയതെന്നും തുടർന്നാണ് പട്രോളിംഗ് നടത്തുന്ന പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയും പോലീസ് തിരികെ വെടിവച്ചെന്നുമാണ് പോലീസ് നൽകുന്ന ഒൗദ്യോഗിക വിശദീകരണം.
ഇന്നലെ രാത്രി എട്ട് മുതൽ ഇന്ന് പുലർച്ചെ നാല് വരെ ഏറ്റുമുട്ടൽ തുടർന്നു. ഏതാനും മാവോയിസ്റ്റുകൾ വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.സബ് കളക്ടർ എൻ.എസ്.കെ. ഉമേഷും കണ്ണൂർ റേഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും പ്രദേശത്തെത്തിയിട്ടുണ്ട്.
ഉപവൻ റിസോർട്ട് പരിസരം കനത്ത പോലീസ് വലയത്തിലാണുള്ളത്. ജില്ലയിലെ മുഴുവൻ ഉന്നതപോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടൻ ചേരും. പുറത്ത് നിന്നും ഒരാളെ പോലും പരിസരത്തേക്ക് കടത്തിവിടുന്നില്ല. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിശദ വിവരങ്ങൾ ലഭ്യമാകുമെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നത്.