താമരശ്ശേരി/ കോഴിക്കോട്: കണ്ണപ്പൻകുണ്ടിൽ മട്ടിക്കുന്ന് പരപ്പൻപാറയിൽ മാവോയിസ്റ്റെത്തി. വയനാട് സ്വദേശിയും പോരാട്ടം മുൻ നേതാവുമായ സോമൻറെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇവിടെയെത്തിയത്. ഉപ്പുമാക്കൽ സന്തോഷിൻറെ വീട്ടിലാണ് രണ്ട് ദിവസങ്ങളിലായി തുടർച്ചയായി മാവോയിസ്റ്റ് സംഘം എത്തിയത്.
ഒരു സ്ത്രീയടക്കം തോക്ക് ധാരികളായ അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. സന്തോഷിൻറെ ഭാര്യ ബിന്ദുവും മക്കളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. നാലിന് വൈകുന്നേരമാണ് ഇവർ ആദ്യമായി വീട്ടിലെത്തിയത്. ആദ്യം ഭക്ഷണം ചോദിച്ചു. ഇത്രയും പേർക്ക് ഭക്ഷണമില്ലെന്നു പറഞ്ഞപ്പോൾഅരിയും തേങ്ങയും വാങ്ങി തിരിച്ച്പോയ ഇവർ അടുത്തദിവസവും വീട്ടിലെത്തി ഭക്ഷണം പാകം ചെയ്യിച്ച് കഴിച്ചു.
വിവരം പുറത്തുപറഞ്ഞാൽ ചുട്ടുകളയുമെന്നു ഭീട്ടുകാരെ ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. പേടിച്ചരണ്ട വീട്ടുകാർ ആറിന് വൈകിട്ട് പോലീസിൽ പരാതിപ്പെടുകയായിരുന്നു. പുറത്തറിയിച്ചാൽ മാവോയിസ്റ്റുകൾ അപായപ്പെടുത്തുമെന്ന് ഭയന്നാണ് രണ്ട് ദിവസമായി പോലീസിനെ വിവരം അറിയിക്കാതിരുന്നതെന്ന് സന്തോഷും കുടുംബവും പറഞ്ഞു.
തുടർന്ന് താമരശ്ശേരി എസ്ഐ സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീടിന് കാവൽ ഏർപ്പെടുത്തുകയും വനാന്തരഭാഗത്ത് തിരച്ചിൽ നടത്തുകയും ചെയ്തു. താമരശേരി ഡിവൈഎസ്പി കെ.അഷ്റഫിൻറെ നേതൃത്വത്തിൽ കമാൻഡോ സംഘം ഇന്ന് വനത്തിലെത്തി തിരച്ചിൽ നടത്തും.
നിലന്പൂർ കരുളായി വനത്തിൽ മാവോയിസ്റ്റ് സോമൻറെ സാന്നിധ്യം മുൻപും സ്ഥിരീകരിച്ചിരുന്നു. കുടുംബത്തെ മൊത്തം മുൾമുനയിൽ നിർത്തിയ സംഭവം ആദ്യമായാണ്. വയനാട് വനാന്തരങ്ങളോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് കണ്ണപ്പൻകുണ്ട്. സ്ഥലത്തും പരിസരപ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.