റെനീഷ് മാത്യു
കണ്ണൂർ: തണ്ടർബോൾട്ട് നടത്തിയ ഓപ്പറേഷനിൽ തകർത്തത് രണ്ട് മാവോയിസ്റ്റ് ദളങ്ങൾ. പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭവാനി, ശിരുവാണി ദളങ്ങളാണ് തണ്ടർബോൾട്ട് തകർത്തത്. വെടിവയ്പിൽ കൊല്ലപ്പെട്ട മണിവാസകത്തിന്റെ ചുമതലയിലുള്ളതാണ് ഭവാനി, ശിരുവാണി ദളങ്ങൾ. ഈ ദളങ്ങളിൽ തമിഴ്നാട്, കർണാടക സ്വദേശികളാണ് പ്രവർത്തിക്കുന്നത്.
കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശികളായ കാർത്തിക്, അരവിന്ദ്, രമ എന്നിവർ ഈ ദളത്തിലെ അംഗങ്ങളാണ്. വയനാട്, മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കബനി ദളം, നാടുകാണി ദളം, വരാഹിണി ദളം എന്നിവ മാത്രമാണ് ഇനിയും ഉള്ളത്. ഈ ദളങ്ങളുടെ ചുമതല മലയാളികൾക്കാണ്.
നിലന്പൂരിൽ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിനു ശേഷമുള്ള ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട നേതാവാണ് തമിഴ്നാട് സേലം സ്വദേശിയായ മണിവാസകം.ദക്ഷിണേന്ത്യയിലെ ഗറില്ലാ കമാൻഡറായ മണിവാസകം കേരളം, തമിഴ്നാട്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെ ചുമതലയും വഹിച്ചിരുന്നു.
സിപിഐ മാവോയിസ്റ്റ് തമിഴ്നാട് സംസ്ഥാന സമിതിയംഗവും കേന്ദ്രകമ്മിറ്റിയംഗവും ആണ്. 2008 മുതൽ ഒളിവിലായിരുന്ന മണിവാസകം 2012 ഫെബ്രുവരി 20 ന് അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
കേരളത്തിൽ നിന്നും ജീവനോടെ മണിവാസകത്തെ പിടികൂടാൻ തമിഴ്നാട് പോലീസ് ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെടുന്നത്. മാണി, അപ്പു എന്ന പേരുകളിലും ഇയാൾ അറിയപ്പെടുന്നുണ്ട്.
2016ൽ നിലന്പൂർ വരയൻമലയിലുണ്ടായ ഏറ്റുമുട്ടലിൽ മണിവാസകത്തിന്റെ സാന്നിധ്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മാവോവാദി നേതാവ് കുപ്പു ദേവരാജിന്റെ മരണ ശേഷം മണിവാസകനായിരുന്നു കേരളത്തിന്റെ ചുമതല. കർണാടകത്തിൽ നിന്നുള്ള വി.ജി കൃഷ്ണമൂർത്തി കേരളത്തിന്റെ ചുമതല ഏറ്റെടുത്തതോടെയാണ് അടപ്പാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭവാനി ദളത്തിന്റെ ചുമതല മണിവാസകത്തിന് നല്കിയത്.