നാദാപുരം: വയനാടൻ വനത്തോട് ചേർന്ന പശുക്കടവ് കൊങ്ങാട് മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ യുഎപിഎ ആക്ട് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വനമേഖലകൾ കേന്ദ്രീകരിച്ച് പോലീസും തണ്ടർ ബോൾട്ടും പരിശോധനകൾ ശക്തമാക്കി.
നാല് സംഘങ്ങൾ ആയാണ് മാവോയിസ്റ്റ് വിരുദ്ധ സേനകളും, പോലീസും ചേർന്ന് വനമേഖലകളിൽ തെരച്ചിൽ ആരംഭിച്ചത്. കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലാണ് ആയുധ ധാരികളായ മാവോയിസ്റ്റ് സംഘങ്ങൾ സംഘടിക്കുന്നതായി പോലീസ് സ്ഥിതീകരിച്ചത്. സി.പി.മൊയ്തീൻ, സോമൻ, സുന്ദരി എന്നിവരുടെ നേതൃത്വത്തിലുള്ള പതിനഞ്ചോളം പേരാണ് വനാതിർത്തികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ച വയനാട് വനാതിർത്തിയിലെ പശുക്കടവ് കൊങ്ങാട് മലയോരത്ത് സായുധ ധാരികളായ മൂന്നംഗ മാവോയിസ്റ്റ് സംഘം എത്തിയതായി പോലീസ് സ്ഥിരീകരിച്ചു. മലയാളം സംസാരിക്കുന്ന ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമാണ് മലയോരത്തെ കുടിയിരുപ്പിൽ തോമസ് എന്നയാളുടെ വീട്ടിൽ എത്തിയത്. വൈകുന്നേരം മൂന്നോടെയാണ് സംഭവം.
പട്ടാള യൂണിഫോമിലെത്തിയ സംഘത്തിൽ മൂന്ന് പേരുടെയും കൈയ്യിൽ തോക്കുകൾ ഉണ്ടായിരുന്നു. അരമണിക്കൂറോളം വീട്ടിൽ ചെലവഴിച്ച സംഘം ഗവൺമെന്റിനെതിരെ പ്രവൃത്തിക്കണമെന്നാവശ്യപ്പെട്ടുള്ള രാജ്യദ്രോഹപരമായ ലഘുലേഖകൾ വിതരണം ചെയ്ത ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്.സംഭവത്തിൽ മൂന്ന് പേർക്കെതിരെ തൊട്ടിൽ പാലം പോലീസ് യുഎപിഎ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
നാദാപുരം സബ്ഡിവിഷണൽ ഡി വൈ എസ് പി ഇ.സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വയനാട് വെള്ളമുണ്ട കേസിൽഎൻ ഐ എ കോടതി തിരിച്ചറിയൽ നോട്ടീസ് പുറപ്പെടുവിച്ച സുന്ദരിയും സംഘവുമാകാം കൊങ്ങാട് മലയോരത്ത് എത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. താമരശ്ശേരി മേഖലകളിൽ പോലീസ് പരിശോധന ശക്തമാക്കിയതോടെ വിലങ്ങാട്, കണ്ണവം മേഖലകൾ കേന്ദ്രീകരിച്ചാണ് മാവോവാദികളുടെ പ്രധാന പ്രവർത്തനം.