സ്വന്തം ലേഖകൻ
കോഴിക്കോട്: “വിപ്ലവം തോക്കിൻകുഴലിലൂടെ’ എന്ന മുദ്രാവാക്യം ഉയർത്തുന്ന മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പോസ്റ്ററുകൾ ജനവാസ മേഖലയിൽ പ്രത്യക്ഷപ്പെടുന്നത് പതിവാകുന്നു.ഉൾവനത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാവോയിസ്റ്റ് സംഘങ്ങളെ അനുകൂലിക്കുന്ന പോസ്റ്ററുകളാണ് കഴിഞ്ഞ ആഴ്ചയിലായി നഗരത്തിന്റെ വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
വനമേഖലയിൽ നിന്ന് ഏറെ ദൂരമുള്ള നഗരപ്രദേശങ്ങളിൽ ഇത്തരം പോസ്റ്ററുകൾ കണ്ടെത്തുന്നത് പോലീസിനെ വലയ്ക്കുകയാണ്. രാത്രിയിൽ അജ്ഞാതർ പതിക്കുന്ന പോസ്റ്ററുകൾ എവിടെനിന്ന് ആര് കൊണ്ടുവന്ന് പതിക്കുന്നുവെന്ന് കണ്ടെത്തുക അത്ര എളുപ്പമല്ലെന്ന് പോലീസും പറയുന്നു. എന്നാൽ അടിക്കടി മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ നാട്ടിൽ പ്രത്യക്ഷപ്പെടുന്നത് ജനങ്ങളെ ഏറെ ഭീതിയിലാഴ്ത്തിയിരിക്കുക യാണ്.
വാർത്തകളിൽ മാത്രം വായിച്ചറിവുള്ള മാവോയിസ്റ്റുകൾ തങ്ങളുടെ നാട്ടിലുമെത്തിയെന്ന ഭീതിയിലാണ് ജനങ്ങൾ. ഇന്നലെയാണ് മാവോയിസ്റ്റ് അനുകൂല പോസ്റ്റർ ഏറ്റവും ഒടുവിലായി സിറ്റി പോലീസിന്റെ പരിധിയിലാണ് കണ്ടെത്തിയത്.മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിലെ കുറ്റിക്കാട്ടൂർ അങ്ങാടിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് ഇന്നലെ മാവോയിസ്റ്റ് അനുകൂല പോസ്റ്റർ കണ്ടെത്തിയത്.
നക്സൽബാരി കലാപത്തിൽ കൊല്ലപ്പെട്ടവർക്ക് അഭിവാദ്യം അർപ്പിക്കുന്ന പോസ്റ്ററാണ് ഇവിടെ പതിച്ചതിരുന്നത്. മെഡിക്കൽ കോളജ് പോലീസ് എത്തി പോസ്റ്റർ നീക്കം ചെയ്തെങ്കിലും പ്രദേശത്തെ ജനങ്ങളുടെ ആശങ്ക അകന്നിട്ടില്ല. സമാനമായ സംഭവമാണ് കഴിഞ്ഞ ആഴ്ച നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിലുമുണ്ടായത്. ഇവിടെയും അങ്ങാടിയിലെ കടവരാന്തയിലായിരുന്നു പോസ്റ്റർ പതിച്ചത്.
മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിൽനിന്ന് അധിക ദൂരമില്ലാത്ത നല്ലളം സ്റ്റേഷൻ പരിധിയിലും പോസ്റ്റർ കണ്ടെത്തിയിരുന്നത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. നേരത്തെ ഇടയ്ക്കിടെ താമരശേരി ഭാഗത്ത് ആയുധധാരികൾ ജനവാസമേഖലയിൽ രാത്രിയിലെത്തുന്നത് പ്രദേശത്തെ ജനങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തിയിരുന്നത്.
രാത്രിയിൽ വീട്ടിലെത്തുന്ന ആയുധധാരികൾ ഭക്ഷണം ആവശ്യപ്പെടുന്നതായും നാട്ടുകാർ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജൂലൈ 17ന് രാത്രി 10ന് കണ്ണപ്പൻകുണ്ടിലെ ഒരു വീട്ടിൽ ആയുധധാരികളെത്തി ഒരു മണിക്കൂർ ചെലവഴിച്ചിരുന്നു. തോക്കിൻമുന്നിൽ ഭീതിയോടെയാണ് വീട്ടുകാർ ഒരുമണിക്കൂർ കഴിച്ചുകൂട്ടിയത്.
കഴിഞ്ഞ നാലുമാസത്തിനിടെ താമരശേരി പ്രദേശത്ത് മൂന്നിലേറെ തവണ വിവിധയിടങ്ങളിൽ ആയുധധാരികളെ കണ്ടെത്തിയതായി നാട്ടുകാർ പറയുന്നു. ഇതിന് മുന്പും ചില വീടുകളിൽ ആയുധധാരികളെത്തി ഭക്ഷണം കഴിച്ചും ഭക്ഷണ സാമഗ്രികൾ ശേഖരിച്ചും മടങ്ങിയിരുന്നു. അതേസമയം വയനാട് കോഴിക്കോട് ജില്ലയുടെ അതിർത്തി പങ്കിടുന്ന വനമേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം പോലീസ് കഴിഞ്ഞ മാസം ഉറപ്പിച്ചിരുന്നു.
വയനാട്ടിലെ എസ്റ്റേറ്റിൽ ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയതിനെ തുടർന്ന് വനത്തിൽ തണ്ടർബോൾട്ട് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല.