നിലന്പൂർ: നിലന്പൂർ വനമേഖലയിൽ മരിച്ച മാവോയിസ്റ്റുകളുടെ അനുസ്മരണം സംബന്ധിച്ചു നിലന്പൂരിൽ പോസ്റ്ററുകൾ. ഇന്നലെ രാവിലെ ജില്ലാ ആശുപത്രിയിലേക്കു പോകുന്ന റോഡിന്റെ വശത്തുള്ള ഗവണ്മെന്റ് മോഡൽ യുപി സ്കൂളിന്റെ മതിലിലാണ് അനുസ്മരണം നടത്തുന്ന തിയതി വച്ചുള്ള പോസ്റ്ററുകൾ കണ്ടെത്തിയത്. ഇവിടെ ഭാഗത്ത് പോസ്റ്ററുകൾ വ്യാപകമായി പതിച്ചിട്ടുണ്ട്.
ലത, കുപ്പുദേവരാജ്, അജിത എന്നി പേരുകൾ മുകളിൽ കൊടുത്തതിനുശേഷം മൂന്നു പേരുടെയും ചിത്രവും കൊടുത്തിട്ടുണ്ട്. 2017 ഡിസംബർ 14നു വൈകുന്നേരം അഞ്ചിനു മാനന്തവാടി ഗാന്ധി പാർക്കിലാണ് പരിപാടിയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ആന്ധ്രയിലെ വിപ്ലവ രജയ്തലു സംഘം സെക്രട്ടറി പ്രഫ.വരലക്ഷ്മിയാണ് ഉദ്ഘാടനം ചെയ്യുക എന്നും കുറിച്ചിട്ടുണ്ട്. അനുസ്മരണ സമിതിയുടെ പേരിലാണ് പോസ്റ്റർ.
കഴിഞ്ഞ വർഷം നവംബർ 24നാണ് നിലന്പൂർ ഉൾവനത്തിലെ വരയൻ മലയുടെ താഴ്വാരത്തിൽ പോലീസിന്റെ വെടിയേറ്റു മാവോയിസ്റ്റ് കേന്ദ്രക്കമ്മിറ്റി അംഗം കുപ്പുദേവരാജും സംസ്ഥാന നേതാവ് അജിതയും വെടിയറ്റ് മരിച്ചത്.കാട്ടാനയുടെ ആക്രമണത്തിൽ ലത(മീര)യും മരിച്ചതായി പിന്നീട് മാവോയിസ്റ്റുകൾ തന്നെ അറിയിച്ചിരുന്നു.
മാവോയിസ്റ്റുകളുടെ മരണത്തിനു ഉത്തരവാദികളായ പോലീസുകാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നു മാവോയിസ്റ്റുകൾ അറിയിച്ചിരുന്നെങ്കിലും കനത്ത പോലീസ് ജാഗ്രതയിൽ മാവോയിസ്റ്റുകൾക്കു ഒന്നും കഴിഞ്ഞിരുന്നില്ല.
എന്നാൽ പോലീസ് ഇവർ അനുസ്മരണം നടത്തുമെന്നു തന്നെയാണ് കണക്കാക്കിയിരുന്നത്.
നിലന്പൂർ മേഖലയിൽ അനുസ്മരണം നടത്താൻ തീവ്രശ്രമം നടത്തിയിരുന്നെങ്കിലും പോലീസിന്റെ ശക്തമായ നിരീക്ഷണം കൊണ്ടു അതിനു കഴിഞ്ഞിരുന്നില്ല.എന്നാൽ മാനന്തവാടിയിൽ നടക്കുന്ന അനുസ്മരണത്തിനു വയനാട് ജില്ലാ പോലീസ് മേധാവിയുടെ അനുമതിയുള്ളതായാണ് വിവരം.