കോഴിക്കോട്: എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതോടെ ചങ്കിടിപ്പുമായി ആഭ്യന്തരവകുപ്പ്. മാവോയിസ്റ്റ് നേതാവ് സി.പി.ജലീലിന്റെ കൊലപാതകത്തില്‍ പകരം വീട്ടുമെന്ന് മാവോയിസ്റ്റുകളുടെ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അതിസുരക്ഷാ ഗണത്തില്‍ ഉള്‍പ്പെട്ട രാഹുല്‍ഗാന്ധി വയനാട്ടില്‍ എത്തുന്നത്.
കഴിഞ്ഞ ഏതാനും ദിവസം മുമ്പ് വയനാട് സന്ദര്‍ശിക്കാനിരുന്ന രാഹുല്‍ഗാന്ധിയെ മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പോലീസ് വിലക്കിയിരുന്നു. എന്നാല്‍ ഇത്തവണ സ്ഥാനാര്‍ഥയായി എത്തുന്നത് തടയാന്‍ പോലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനുമാവില്ല. ലക്കിടിയിലെ ഏറ്റുമുട്ടല്‍ സര്‍ക്കാരും തണ്ടര്‍ബോള്‍ട്ടും റിസോര്‍ട്ടിലെ ഒറ്റുകാരും ചേര്‍ന്നുള്ള ഗൂഢാലോചനയാണെന്നും ഇതിന് പകരം വീട്ടുമെന്നുമായിരുന്നു മാവോയിസ്റ്റ് പ്രസിദ്ദീകരണമായ കാട്ടുതീയിലുള്ളത്.
രാഹുലിനെപോലുള്ള നേതാവിനെതിരേയുള്ള ചെറു നീക്കങ്ങള്‍ പോലും സംസ്ഥാന സര്‍ക്കാറിനെ പ്രതികൂട്ടിലാക്കും. സര്‍ക്കാറിനെതിരേയുള്ള പ്രധാന ആയുധമായി രാഹുലിന്റെ സന്ദര്‍ശനത്തെ മാവോയ്സ്റ്റുകള്‍ മാറ്റുമോയെന്ന ആശങ്കയാണ് രഹസ്യാന്വേഷണ വിഭാഗത്തിനുള്ളത്. രാഹുലിന്റെ സംരക്ഷണത്തിന്റെ പൂര്‍ണചുമതല സംസ്ഥാന ആഭ്യന്തരവകുപ്പിനാണ്. ഇസെഡ് കാറ്റഗറി സുരക്ഷയുള്ള രാഹുല്‍ ഗാന്ധിയ്ക്കൊപ്പം സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ ഉണ്ടെങ്കിലും അവരുടെ നിര്‍ദേശാനുസരണം മറ്റുള്ള സൗകര്യങ്ങളെല്ലാം ആഭ്യന്തരവകുപ്പ് ഒരുക്കണം.
ഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും സുരക്ഷ ഒരുക്കുക. അതേസമയം വയനാട്ടില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുമെങ്കിലും പ്രചാരണത്തില്‍ രാഹുലിന്റെ സ്ഥിരം സാന്നിധ്യം ഉണ്ടാവില്ലെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. പത്രികാസമര്‍പ്പണത്തിനും റാലിയ്ക്കും മറ്റും രാഹുല്‍ വയനാട്ടില്‍ എത്തുമ്പോള്‍ അതീവ സുരക്ഷ ഒരുക്കണമെന്നും കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാഹുലിനൊപ്പം മറ്റു ദേശീയ നേതാക്കള്‍ കൂടി എത്തുന്നതോടെ സംസ്ഥാന പോലീസിന്റെ വലിയൊരു ശതമാനം സേനാവിഭാഗവും വയനാട്ടില്‍ നിലയുറപ്പിക്കും. ഇതിനുള്ള ഒരുക്കളും മറ്റും പോലീസ് ആസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. പുല്‍വാമയില്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ഹവില്‍ദാര്‍ പൂക്കോട് വാഴക്കണ്ടി വസന്തകുമാറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താനായിരുന്നു നേരത്തെ രാഹുല്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ സന്ദര്‍ശനം പോലീസ് വിലക്കി. രാഹുലിന്റെ സന്ദര്‍ശനം റദ്ദാക്കിയതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പു തന്ത്രമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.