പാലക്കാട്: വെടിവെപ്പിൽ നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട അട്ടപ്പാടി മേഖലയിൽ ശേഷിക്കുന്ന മാവോയിസ്റ്റുകൾക്കായി വനത്തിൽ പോലീസ് തെരച്ചിൽ തുടരുന്നു. മാവോയിസ്റ്റുകൾ രക്ഷപ്പെടാൻ സാധ്യതയുള്ള വഴികളിലെല്ലാം ശക്തമായ കാവൽ ഏർപ്പെടുത്തിയാണ് വിവിധ സംഘങ്ങളായി തെരച്ചിൽ തുടരുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഇരുവിഭാഗവും തമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ് നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.
ആദ്യദിനത്തിൽ തമിഴ്നാട് സ്വദേശി കാർത്തിക്, കർണാടക സ്വദേശികളായ രമ, അരവിന്ദ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു. ഇന്നലയുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് മണിവാസകവുമാണ് കൊല്ലപ്പെട്ടത്. നാലുപേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ മാവോയിസ്റ്റുകളുടെ പ്രത്യാക്രമണ സാധ്യതയുണ്ടാവുമെന്ന വിശ്വാസത്തിൽ അതീവ ജാഗ്രതയിലാണ് പോലീസ്. മറ്റു മേഖലകളിൽ നിന്ന് കൂടുതൽ മാവോയിസ്റ്റുകൾ തിരിച്ചടി ശക്തമാക്കാൻ വനത്തിലെത്തിയിട്ടുണ്ടാവുമെന്ന കണക്കുകൂട്ടലുമുണ്ട്. ഇതിനാൽ ഏറ്റുമുട്ടൽ നടന്ന അട്ടപ്പാടി വനമേഖലയിൽ നിന്നും പുറത്തേക്കുള്ള വഴികളെല്ലാം പോലീസ് അടച്ചുകഴിഞ്ഞു.
തമിഴ്നാട്, കർണാടക പോലീസും അതിർത്തികളിലും വനമേഖലകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. മാവോയിസ്റ്റുകളുടെ സഞ്ചാരവഴികളും പോലീസ് നിരീക്ഷണത്തിലാണ്. കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോർട്ടം നടപടികൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പുരോഗമിച്ചുവരികയാണ്. ഇതിനുശേഷമുള്ള പോലീസ് നടപടികളും കർശന നിയന്ത്രണത്തിലായിരിക്കും.
പത്തിൽതാഴെ മാവോയിസ്റ്റുകൾ ഇപ്പോഴും അട്ടപ്പാടി വനത്തിലുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഏറ്റുമുട്ടൽ നടന്ന മഞ്ചിക്കണ്ടി മേഖലയിൽ നിന്നും മാവോയിസ്റ്റുകളുടെ എകെ 47 ഉൾപ്പടെയുള്ള തോക്കും തിരകളും ലഘുലേഖകളും ഭക്ഷണംപാചകം ചെയ്യാനുള്ള അടുപ്പ്, പാത്രങ്ങൾ എന്നിവയെല്ലാം കണ്ടെടുത്തു. ഇന്നലെ മരിച്ച മണിവാസകം മുതിർന്ന മാവോയിസ്റ്റ് നേതാവാണ്.
പോലീസ് സൂപ്രണ്ട് ജി.ശിവവിക്രം, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സുന്ദരൻ, ഭീകരവിരുദ്ധസേന (മാറ്റ്സ്) സൂപ്രണ്ട് ചൈത്ര തെരേസ, ഡിഎഫ്ഒ കെ.കെ.സുനിൽകുമാർ തുടങ്ങി ഉന്നതോദ്യോഗസ്ഥർ അടങ്ങിയ സംഘവും മഞ്ചിക്കണ്ടി വനമേഖലയിൽ തന്പടിച്ചിട്ടുണ്ട്.
വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന മാവോയിസ്റ്റുകളെ ഏതുവിധേനയും കണ്ടെത്തണമെന്ന രീതിയിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്. മേലേമഞ്ചിക്കണ്ടി ഉൗരിൽനിന്നും മാധ്യമ പ്രവർത്തകരെ ആരെയും വനത്തിലേക്ക് കടത്തിവിടുന്നില്ല. അതിനാൽ വനമേഖലയിൽ നടക്കുന്ന സംഭവവികാസം വ്യക്തമായി പുറംലോകത്തെ അറിയിക്കുവാനും മാധ്യമപ്രവർത്തകർക്കു കഴിയാത്ത സാഹചര്യമാണ്.