കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശി ഒടോംമ്പറ്റ മേലേതില്‍ ഉസ്മാന് (40) നായാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറിക്കിയത്. തൃശൂര്‍ , വയനാട്, മലപ്പുറം ജില്ലകളിലായി ഉസ്മാന്റെ പേരില്‍ അഞ്ച് യുഎപിഎ കേസുകളുണ്ട്. മറ്റു കേസുകളിലും ഇയാള്‍ പ്രതിയാണ്.
ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ തീരുമാനിച്ചത്. തമിഴ്നാട് -കര്‍ണാടക പോലീസിന്റെ സഹായത്തോടെയും ഉസ്മാനെ കുറിച്ച് അന്വേഷി ച്ചു വരികയാണ്. ഉസ്മാന് വനാതിര്‍ത്തി വഴി കേരളം വിട്ടതായാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്.
നേരത്തെ പോരാട്ടം പ്രവര്‍ത്തകനായിരുന്ന ഉസ്മാനെ 2016-ലാണ് പോലീസ് അവസാനമായി പിടികൂടുന്നത്. അന്ന് മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും സിഡികളും പോലീസ് പിടികൂടിയിരുന്നു. നിരോധിത സംഘടനയുടെ ലഘുലേഖ പിടിച്ചെടുത്തതിനെ തുടര്‍ന്ന് യുഎപിഎ കുറ്റം ചുമത്തി ജയിലലടിച്ചു. ആറു മാസത്തിനിടെ ജാമ്യം ലഭിച്ച ഉസ്മാന് പുറത്തിറങ്ങിയ ശേഷം പിന്നീട് ഒളിവില്‍ പോവുകയായിരുന്നു.
മാവോയിസ്റ്റ് ഒളിപ്പോരാളികള്‍ക്ക് സാധനങ്ങളും മറ്റും എത്തിച്ചിരുന്നതും ഉസ്മാനായിരുന്നുവെന്നും അര്‍ബണ്‍ കമ്മറ്റികളിലേക്ക് കൂടുതല്‍ പേരെ ചേര്‍ക്കുന്നത് ഉസ്മാനാണെന്നുമാണ്പോ ലീസും രഹസ്യാന്വേഷണ വിഭാഗവും കരുതുന്നത്. ഇപ്രകാരമുള്ള ദൗത്യത്തിന്റെ ഭാഗമായാണ് സിപിഎം പ്രവര്‍ത്തകരായ അലനും താഹയുമായി ഉസ്മാന് അടുത്തതെന്നാണ് വിവരം.
അലനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഉസ്മാനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ഉസ്മാനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അന്വേഷണ ഉദ്യോഗസ്ഥനായ സൗത്ത് അസി.കമ്മീഷണര്‍ എ.ജെ.ബാബു (9497990114, 04952367463) എന്ന നമ്പറിലോ വിവരമറിയിക്കണം.