പാലക്കാട്: അട്ടപ്പാടിയിൽ കീഴടങ്ങാൻ തയാറായിരുന്ന മാവോയിസ്റ്റുകളെയാണ് തണ്ടർബോൾട്ട് കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തൽ. അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്മാന് മുരുകനാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.
ആദിവാസികളെ ദൂതന്മാരാക്കി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും അഗളി മുന്‍ എഎസ്പിയാണു ഇതിനു നേതൃത്വം നൽകിയിരുന്നതെന്നും മുരുകൻ മാധ്യമങ്ങളോട് വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് പ്രകോപനപരമായിട്ട് ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോഴത്തേത് വ്യാജ ഏറ്റുമുട്ടലാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മാവോയിസ്റ്റുകളാണ് ആദ്യം തണ്ടർബോൾട്ടിനു നേരെ വെടിയുതിർത്തതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സ്വയരക്ഷയ്ക്കായാണ് തണ്ടർബോൾട്ട് സംഘം തിരിച്ചു വെടിവച്ചത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽനിന്നും ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. വിദേശനിർമിത എകെ 47 തോക്കടക്കം മാവോയിസ്റ്റുകളുടെ പക്കലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നടന്നത് നാടകീയ സംഭവങ്ങളാണെന്നും വ്യാജ ഏറ്റുമുട്ടലാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. കാണുന്ന മാത്രയിൽ വെടിവച്ചു കൊല്ലുന്നതാണോ ഇടതുപക്ഷ സർക്കാരിന്റെ നയമെന്നും അടിയന്തര പ്രമേയ നോട്ടീസിൽ എൻ. ഷംസുദ്ദീൻ ചോദിച്ചു. തീവ്രസ്വഭാവമുള്ള സംഘടനകളെ പ്രതിപക്ഷം ഒരിക്കലും പിന്തുണക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.