നാദാപുരം: മാവോയിസ്റ്റ് സാന്നിധ്യം നിരവധി തവണ സ്ഥിതീകരിച്ച വിലങ്ങാട് വന മേഖലയില്‍ വ്യാപക റെയ്ഡ്.നാദാപുരം സിഐ എം.പി.രാജേഷിന്റെ നേതൃത്വത്തില്‍ പോലീസും,കണ്ണൂര്‍ റെയ്ഞ്ച് ഐജിയുടെ കീഴിലുള്ള മാവോയിസ്റ്റ് വിരുദ്ധ സേനയായ മുപ്പതോളം പേരടങ്ങുന്ന തണ്ടര്‍ ബോള്‍ട്ട് സേനാംഗങ്ങളുമാണ് പരിശോധന നടത്തിയത്.
വയനാടന്‍ കാടുകളോട് ചേര്‍ന്ന് കിടക്കുന്ന വിലങ്ങാട് വായാട് കോളനിയുടെ പരിസരങ്ങളിലാണ് ഇന്ന് രാവിലെ ഒമ്പതോടെ റെയ്ഡ് ആരംഭിച്ചത്.കഴിഞ്ഞ മാസവും വിലങ്ങാട് വാളൂക്ക് പരിസരത്തെ വന മേഖലയോട് ചേര്‍ന്ന് കിടക്കുന്ന മേഖലയില്‍ ആയുധ ധാരികളായ അഞ്ച് പേരടങ്ങുന്ന മാവോയിസ്റ്റ് സംഘമെത്തിയിരുന്നു.
പ്രദേശവാസിയുടെ വീട്ടിലെത്തിയ സംഘം ഇവിടെ നിന്ന് ഭക്ഷണം കഴിക്കുകയുംശേഖരിക്കുകയും ചെയ്താണ് വനത്തിലേക്ക് മടങ്ങിയത്.വായാട് കോളനിയിലും നേരത്തെ നിരവധി തവണ മാവോയിസ്റ്റ് സാനിധ്യം ഉണ്ടായിരുന്നു. വയനാട്,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുക്കൂട്ട് വനമേഖല കേന്ദ്രീകരിച്ചാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മേഖലയില്‍ പരിശോധന നടത്തുന്നത്.പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച സി.പി.മൊയ്തീന് ,സോമന് എന്നിവരുടെ നേതൃത്വത്തിലുള്ള മുപ്പതോളം പേരടങ്ങുന്ന സംഘം വയനാടന്‍ കാടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.ഇതില്‍ തമിഴ്നാട്,കര്‍ണ്ണാടക എന്നിവിടങ്ങളിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരും ഇക്കൂട്ടത്തിലുണ്ട്.