നവാസ് മേത്തർ
തലശേരി: കണ്ണൂർ കേളകത്ത് എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി എത്തിയ മാവോയിസ്റ്റ് സംഘത്തിലെ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ കബനീ ദളത്തിലുണ്ടെന്ന് മൊഴി.
കേളകത്തെത്തിയ സംഘത്തിലെ പ്രധാനിയായ ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ കമ്പം പാട്ടി ചൈതന്യ എന്ന സൂര്യ (25) ആന്റി ടെററിസ്റ്റ് സ്ക്വാഡിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്.
കർണാടക സ്വദേശിയായ രണ്ടു യുവതികളെയാണ് തിരിച്ചറിഞ്ഞത്.
ആന്ധ്രയിൽ നിന്നും അറസ്റ്റിലായി തലശേരി കോടതി റിമാൻഡ് ചെയ്തിരുന്ന സൂര്യയെ ഡിവൈഎസ്പി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ കസ്റ്റഡിയിൽ വാങ്ങി.
പത്ത് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ നൽകിയിട്ടുള്ളത്. കനത്ത സുരക്ഷയിൽ രഹസ്യ കേന്ദ്രത്തിലാണ് ആന്റി ടെററിസ്റ്റ് സ്ക്വാഡ് സൂര്യയെ ചോദ്യം ചെയ്യുന്നത്. എൻജിനീയറിംഗ് ബിരുദധാരി കൂടിയായ സൂര്യയെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കി.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് സൂര്യയും സി.പി. മൊയ്തീനും രണ്ട് യുവതികളും ഉൾപ്പെടെയുളള സംഘം ആയുധങ്ങളുമായി കേളകത്തെത്തിയത്.
കോളനികളിൽ നിന്നും ഭക്ഷണ സാധനങ്ങൾ ശേഖരിച്ച സംഘം ലഘുലേഖകൾ വിതരണം ചെയ്യുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.
സംഘത്തിലുള്ള രണ്ട് യുവതികളേയും അന്വഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ആന്ധ്രയിലെ ഗുണ്ടൂരിൽ നിന്നും പിടികൂടിയ സൂര്യയെ ബംഗളൂരു വഴി നെടുമ്പാശേരിയിൽ എത്തിക്കുകയും തുടർന്ന് തലശേരിയിലേക്ക് കൊണ്ടു വന്ന് റിമാൻഡ് ചെയ്യുകയുമായിരുന്നു.