കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തിയ സിപിഎം പ്രവര്‍ത്തകരായ യുവാക്കളെ വിയ്യൂരിലെ അതീവസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന് റിപ്പോര്‍ട്ട്. ജയിലിലെ സുരക്ഷാ സംവിധാനവും അംഗബലക്കുറവും സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ ജയില്‍ സൂപ്രണ്ട് ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന് സമര്‍പ്പിച്ചിട്ടുണ്ട്.
ഡിജിപിയുടെ ഉത്തരവ് ലഭിച്ചയുടന്‍ ജയില്‍ മാറ്റാനാണ് തീരുമാനം. അര്‍ബൻ മാവോയിസ്റ്റ് അനുകൂലികളും അനുഭാവികളും കോഴിക്കോട് നഗരത്തില്‍ സ്ഥിരസാന്നിധ്യമാണെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ ഏതെങ്കിലും രീതിയിലുള്ള ആക്രമണത്തിനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ജയില്‍ മാറ്റാന്‍ ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ചു കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. മാവോയിസ്റ്റ് നേതാവ് രൂപേഷും വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലാണുള്ളത്.
അറസ്റ്റിലായ വിദ്യാര്‍ഥികള്‍ മാവോയിസ്റ്റുകളാണെന്ന മൊഴി നല്‍കിയെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. എഫ്ഐആറിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ സിപിഐ മാവോയിസ്റ്റിന്റെ പ്രവര്‍ത്തകരാണെന്ന് വെളിപ്പെടുത്തി.
ഇത് സാക്ഷ്യപ്പെടുത്തുന്ന തരത്തിലുള്ള തെളിവുകള്‍ ഇവരുടെ വീട്ടില്‍നിന്ന് ലഭിച്ചതായും പോലീസ് വ്യക്തമാക്കി. പിടിയിലാവുമ്പോള്‍ അലന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ മാവോയിസ്റ്റ് അനുകൂല പ്രസ്താവന, മവോയിസ്റ്റ് വേട്ടയ്ക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങുക എന്ന നോട്ടീസ്, വിവിധ സമരങ്ങളുടെ നോട്ടീസ്, കോഡ് ഭാഷയിലുള്ള കുറിപ്പ്, സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയുടെ പുസ്തകം തുടങ്ങിയവ ഉണ്ടായിരുന്നു.
ഇവര്‍ സഞ്ചരിച്ചതെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് കെ.എല്‍ 10 എഎല്‍ 5691 നമ്പര്‍ ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ ചില തീവ്ര സ്വഭാവമുള്ള സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിന്റെ ചിത്രങ്ങളും പോലീസ് ഇതികനം പുറത്തുവിട്ടിട്ടുണ്ട്. അലന്റെയും താഹയുടേയും സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ചിലരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചതായാണറിയുന്നത്. ഇരുവര്‍ക്കും സാമ്പത്തിക സഹായം മറ്റെവിടെ നിന്നെങ്കിലും ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.