വർഗീസ് എം.കൊച്ചുപറമ്പിൽ
ചവറ : പ്രധാനമന്ത്രിയെ വധിക്കാൻ നക്സലൈറ്റുകൾ ഗൂഢാലോചന നടത്തി എന്ന പൂനെ പോലീസിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഡൽഹിയിൽ അറസ്റ്റിലായ റോണ ജേക്കബ് വിൽസന്റെ നീണ്ടകരയിലെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. ചവറ എ എസ് പി ഇളങ്കോയുടെ മേൽനോട്ടത്തിലാണ് പോലീസ് നിരീക്ഷണവും സുരക്ഷാ കാരണങ്ങളാൽ വീടിനു പോലീസ് കാവലും ഏർപ്പെടുത്തിയത്.
അതേസമയം റോണ തെറ്റുകൾ ഒന്നും ചെയ്തിട്ടില്ലായെന്നാണ് വയോധികരായ മാതാപിതാക്കളായ വിൽസനും മെർളിനും സഹോദരങ്ങളും പറയുന്നത് . അറസ്റ്റിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കുടുംബം പറഞ്ഞു.
നിരപരാധികളെ ക്രൂശിക്കുന്നത് വളരെയേറെ ദു:ഖകരമാണെന്നാണ് റോണ ജേക്കബ് വിൽസന്റെ കുംബാംഗങ്ങൾ പറയുന്നത്. നീണ്ടകര ആലുംമൂട്ടിലെ വീട്ടിൽ നിന്ന് ഈ മാസം 5 ന് നാട്ടിൽ നിന്നും തിരികെ ഡൽഹിയിൽ എത്തിയപ്പോൾ ആയിരുന്നു അറസ്റ്റ് എന്ന് ബന്ധുക്കൾ പറയുന്നു. പൂനയിൽ നിന്ന് ഒരു പോലീസ് ഓഫീസർ വിളിച്ച് അറസ്റ്റ് വിവരം അറിയിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. മേയ് 22 ന് നാട്ടിലെത്തിയ റോണ സഹോദരന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങിൽ പങ്കെടുത്ത ശേഷം ഈ മാസം അഞ്ചിനാണ് തിരികെ പോയത്.
റോണ കേരളത്തിൽ ഡിഗ്രി പഠനം കഴിഞ്ഞ ശേഷം പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് എംഎ നേടി തുടർന്ന് ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ( ജെ എൻ യു ) യിൽ നിന്നും സാമൂഹിക ശാസ്ത്രത്തിൽ എംഫില്ലും പി എച്ച് ഡി യും നേടി.
തുടർന്ന് ഡൽഹിൽ കോളേജ് ഗസ്റ്റ് അധ്യാപകനായി ജോലി നോക്കുകയായിരുന്നു. വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നവരെയും മനുഷ്യാവകാശ പ്രവർത്തകർക്കെതിരെയും രാജ്യവ്യാപകമായി നടക്കുന്ന നീക്കങ്ങളുടെ ഭാഗമാകാം ഈ അറസ്റ്റ് എന്നും നിരപരാധിയായ റോണയുടെ അറസ്റ്റ് കെട്ടിച്ചമച്ചതാണെന്നും കുടുംബക്കാർ വിശ്വസിക്കുന്നു. നിർണായകമായ വിവരങ്ങൾ ലാപ് ടോപ്പിൽ എഴുതി സൂക്ഷിച്ചിരുന്നുവെന്ന് പോലീസ് പറയുന്നതും അവിശ്വസിനിയമാണെന്നാണ് വീട്ടുകാർ പറയുന്നത്.