ഇരിട്ടി: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇരിട്ടി പോലീസ് സബ് ഡിവിഷണൽ പരിധിയിലെ മുപ്പതോളം ബൂത്തുകളെ അതീവ സുരക്ഷാബൂത്തുകളായി പരിഗണിച്ച് സുരക്ഷയൊരുക്കാൻ പോലീസ് തീരുമാനം.
വയനാട്ടിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തിലും കഴിഞ്ഞ ദിവസം ആന്ധ്രയിലുണ്ടായ ആക്രമവും കണക്കിലെടുത്താണ് മാവോയിസ്റ്റ് സംഘങ്ങളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്ത മേഖലകളിലുൾപ്പെടെ അതീവ സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷ ഏർപ്പെടുത്തുന്നത്.
പേരാവൂർ മേഖലയിലെ പേരാവൂർ, കേളകം എന്നീ ബുത്തുകളും കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിലും ആറളം പോലീസ് സ്റ്റേഷൻ പരിധിയിലെ ആറളം ഫാം, ഗവ. എച്ച്എസ്, പരിപ്പ്തോട് എൽപി സ്കൂൾ എന്നിവടങ്ങളിലും കരിക്കോട്ടക്കരി പോലീസ് സ്റ്റേഷൻ പരിധിയിലെ കരിക്കോട്ടക്കരി, ചരൾ, വാണിയപ്പാറ, അങ്ങാടിക്കടവ്, കച്ചേരിക്കടവ്, പാലത്തുംകടവ് ബുത്തുകളും ഉൾപ്പെടെ മുപ്പതോളം ബൂത്തുകളിലാണ് മാവോയിസ്റ്റ് സുരക്ഷാ മുൻകരുതൽ ബൂത്തുകളായി പ്രഖ്യാപിച്ച് അതിസുരക്ഷയൊരുക്കുന്നത്.
ഈ ബൂത്തുകളിൽ സായുധ പോലീസുകാർക്കൊപ്പം തണ്ടർബോൾട്ട്, അർധസൈനിക വിഭാഗം എന്നിവരും സുരക്ഷയൊരുക്കും. പോളിംഗ് ബൂത്തിലും ബൂത്തിന് സമീപവും നിരീക്ഷണ കാമറകൾ സ്ഥാപിക്കും. പോളിംഗ് ബൂത്തിന്റെ 500 മീറ്റർ ചുറ്റളവ് സുരക്ഷാ സേനയുടെ നിരീക്ഷണത്തിലായിരിക്കും. വോട്ടർമാർക്ക് നിർഭയമായി വോട്ട് ചെയ്തത് പോകാനുള്ള സുരക്ഷയും സൗകര്യവുമൊരുക്കും. ഇന്നുമുതൽ ഈ മേഖലകളിൽ രാത്രി കാല വാഹനപരിശോധനകൾ ശക്തമാക്കും.
മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് ആറളം ഫാം ആദിവാസി പുനരധിവാസ മേഖലകളിലും വനമേഖലയോട് ചേർന്ന ആദിവാസി മേഖലകളും പോലീസ് നിരീക്ഷിക്കും.ബുത്തുകളിൽ പോലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ്പരിശോധന നടത്തും. മാവോയിസ്റ്റ് സുരക്ഷയൊരുക്കുന്ന ബൂത്തുകൾക്കു പുറമെ പ്രശ്നബാധിത ബൂത്തുകൾ, അതീവ പ്രശ്നബാധിത ബൂത്തുകൾ എന്നിങ്ങനെ തരംതിരിച്ച് പോളിംഗ് സ്റ്റേഷനുകളിൽ പ്രത്യേക സുരക്ഷയൊരുക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
രാഷ്ട്രീയ സംഘർഷം റിപ്പോർട്ട് ചെയ്ത മേഖലകളിലും സുരക്ഷയൊരുക്കുന്നുണ്ട്. ഇരിട്ടി കീഴൂർ വാഴുന്ന വേഴ്സ് യുപി സ്കൂൾ, വിളമന എൽപി സ്കൂൾ, കുന്നോത്ത് ഹയർ സെക്കൻഡറി സ്കൂൾ, പെരിങ്കരി ജിഎച്ച്എസ്, വട്ടിയറ ഡോൺ ബോസ്കോ എൽപി സ്കൂൾ, പാല ഗവ. എച്ച്എസ്എസ്, മീത്തലെ പുന്നാട് യുപി സ്കൂൾ, പെരുമ്പറമ്പ് യുപി സ്കൂൾ തുടങ്ങി 39 ഓളം പോളിംഗ് സ്റ്റേഷനുകളാണ് പ്രശ്നബാധിത ബൂത്തുകളിൽ ഉൾപ്പെടുത്തിയിരിത്തുന്നത്. ഇതിൽ പത്തെണ്ണം അതീവ പ്രശ്നബാധിത ബൂത്തുകളാണ്. ഇവിടങ്ങളിൽ സായുധരായ സൈനീകവിഭാഗത്തിന്റെ സുരക്ഷയുണ്ടാകും.