മുക്കം: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ തുടർച്ചയായി മാവോയിസ്റ്റുകളെത്തുന്നതിൽ ജനങ്ങൾ വലിയ ഭീതിയിൽ. മലയോരത്തെ തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞിപഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലാണ് നിരന്തരമായി ആയുധധാരികളായ മാവോയിസ്റ്റുകളെത്തുന്നത്.
തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻ പുഴയിൽ പത്ത് ദിവസത്തിനിടെ മൂന്ന് തവണയാണ് മാവോയിസ്റ്റുകളെത്തിയത്. രണ്ട് ദിവസം മുൻപ് കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ ആദിവാസി കോളനിയിലും കഴിഞ്ഞ മാസം കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോടും നാല് മാസം മുന്പ് കല്ലം പുല്ല് മേഖലയിലും മാവോയിസ്റ്റ് സംഘമെത്തിയിരുന്നു.
അടിക്കടിയുണ്ടാവുന്ന മാവോയിസ്റ് സാന്നിധ്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് മലയോര മേഖലയിലെ ജനങ്ങൾ. തികച്ചും കാർഷിക മേഖലയായ മുത്തപ്പൻപുഴ പ്രദേശത്ത് കഴിഞ്ഞ 2 വർഷങ്ങളിൽ തുടർച്ചയായി ഉണ്ടായ പ്രളയത്തിൽ വൻതോതിലുള്ള ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കാർഷിക വിളകളും കൃഷി ഭൂമിയും നശിച്ചുപോയിരുന്നു. ഇതോടെ ഈ പ്രദേശത്തെ കർഷകരും കർഷക തൊഴിലാളികളും ദൂര സ്ഥലങ്ങളിൽ പോയി ജോലി എടുത്താണ് നിത്യ ചിലവിനുള്ള വക കണ്ടെത്തുന്നത്.
ഇത്തരമൊരു സാഹചര്യത്തിലാണ് മാവോയിസ്റ്റുകൾ സാധാരണക്കാരുടെ വീട്ടിലെത്തി ഭക്ഷണ സാധനങ്ങൾ ശേഖരിക്കുകയും മണിക്കൂറുകളോളം വീട്ടിൽ കഴിയുകയും ചെയ്യുന്നത്. ഇതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.കൂടാതെ തങ്ങളുടെ ഭൂമി വനഭൂമി ആണെന്ന് പറഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ ജണ്ടകൾ കെട്ടുകയും ചെയുന്നതും വലിയ ശല്യമാണെന്ന് നാട്ടുകാർ പറയുന്നു.