മാനന്തവാടി: പേരിയ അയനിക്കലിൽ മാവോവാദികൾ എത്തി. മൂന്നു സ്ത്രീകൾ ഉൾപ്പെടുന്ന ഒന്പതംഗം സായുധസംഘമാണ് ഇന്നലെ രാത്രി എട്ടോടെ അയനിക്കലിൽ വന്നത്. പ്രദേശത്തു സിപിഐ(മാവോയിസ്റ്റ്) കബനി ദളത്തിന്റെ പേരിലുള്ള പോസ്റ്ററുകൾ പതിച്ച സംഘം ലഘുലേഖകളും വിതരണം ചെയ്തു. അയനിക്കലിലെ ഫിലിപ്പിന്റെ കടയിൽനിന്നു നിത്യോപയോഗ സാധനങ്ങൾ വാങ്ങിയാണ് സംഘം മടങ്ങിയത്. 1,200 രൂപയുടെ സാധനങ്ങളാണ് വാങ്ങിയതെന്നു കടയുടമ പറഞ്ഞു.
ജാതി വിവേചനവും സങ്കുചിത ദേശാഭിമാന വെറിയും സാമ്രാജ്യത്ത ദാസ്യവുമാണ് ഇന്ത്യൻ ഫാസിസത്തിന്റെ മുഖമുദ്രയെന്നും ഫാസിസത്തിന്റെ സർവനാശം പുത്തൻ ജനാധിപത്യ വിപ്ലവത്തിലൂടെയാണെന്നും പോസ്റ്ററുകളിലുണ്ട്.
ബ്രാഹ്മണ്യ ഹിന്ദുത്വ ഫാസിസത്തെ കുഴിച്ചു മൂടാനും, മാവോയിസ്റ്റ് വിപ്ലവ ബദലിനായി പോരാടാനും പോസ്റ്ററിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. മർദ്ദനം അനുഭവിക്കുന്ന ഏതൊരു ജനതക്കും അതിനെതിരെ ആയുധമേന്താനുള്ള അവകാശമുണ്ട്, അത് രാജ്യ ദ്രോഹമല്ല. ജനാധിപത്യ അവകാശമാണെന്നും പോസ്റ്ററിൽ പറയുന്നു. കാട്ടുതീയിലൂടെ വനിത മതിലിനെ വിമർശിക്കുന്നുമുണ്ട്.
ഈ വർഷം വയനാട് ജില്ലയിൽ നിരവധിതവണ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായി. ജൂലൈ 20ന് മേപ്പാടിയിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ തടഞ്ഞുവക്കുകയും സെപ്റ്റംബർ 26ന് പൂക്കോട് വെറ്ററിനറി കോളജ് പരിസരത്തും മാവോയിസ്റ്റുകൾ എത്തുകയും ചെയ്തു.
മാവോയിസ്റ്റ് സാന്നിധ്യം വയനാട്ടിൽ ശക്തമായിട്ടും ഇവരെ പിടികൂടുന്നതിന് പോലീസിനോ മാവോയിസ്റ്റുകളെ പിടികൂടുന്നതിനുള്ള പ്രത്യേക വിഭാഗമായ തണ്ടർബോൾട്ടിനോ കഴിഞ്ഞിട്ടില്ല.