കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പിടികൂടിയ രണ്ട് സിപിഎം പ്രവര്‍ത്തകരായ യുവാക്കള്ക്കൊപ്പമുണ്ടായിരുന്നത് മാവോയിസ്റ്റ് നേതാവായ ഉണ്ണി. ഇയാളാണ് നഗരം കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതെന്നാണ് വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ച വിവരം.
ഉണ്ണിയെന്ന പേര് യഥാര്‍ത്ഥ പേരല്ലെന്നും അര്‍ബണ്‍ മേഖലയുമായി ബന്ധപ്പെട്ടുള്ള യുവാക്കള്‍ക്കിടയില്‍ അറിയപ്പെടുന്ന പേരാണിതെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. പോലീസ് പിടിയിലായ അലന്ഷുഹൈബും താഹഫസലും ഉണ്ണിയെന്ന പേരിലുള്ളയാളെ കുറിച്ച് വിവരം നല്‍കിയിട്ടുണ്ട്.
ലഘുലേഖകളും വലിയ ബാനറുകളും ഉണ്ണിയാണ് നല്‍കിയിരുന്നത്. ആറുമാസം മുമ്പാണ് ഉണ്ണി യുവാക്കളുമായി അടുത്തബന്ധം പുലര്‍ത്താന്‍ തുടങ്ങിയത്. അതിനു ശേഷം താമരശേരിയിലും കോഴിക്കോട് നഗരത്തിലും വച്ച് പലപ്പോഴും കണ്ടുമുട്ടിയിരുന്നു.
മൊബൈല്‍ വഴി യാതൊരു ബന്ധവും ഉണ്ണിയും യുവാക്കളും തമ്മിലുണ്ടായിരുന്നില്ല. കൂടിക്കാഴ്ച നടക്കുമ്പോള്‍ അടുത്ത തവണ എവിടെ വച്ച് കാണാമെന്നത് നിര്‍ദേശിക്കുകയാണ് പതിവെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. യുവാക്കള്‍ക്ക് ഉണ്ണി പല പുസ്തകങ്ങളും കൈമാറിയിട്ടുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
പോസ്റ്ററുകളും ലഘുലേഖകളും സൂക്ഷിക്കാനിടം ചോദിച്ചായിരുന്നു ഉണ്ണി യുവാക്കളുമായി ആദ്യം ബന്ധപ്പെട്ടിരുന്നതെന്നും ഈ ബന്ധം പിന്നീട് വലുതാവുകയായിരുന്നുവെന്നുമാണ് അന്വേഷണസംഘം പറയുന്നത്.
യുവാക്കളുടെ വീട്ടില്‍ നിന്ന് ലഘുലേഖകള്‍ക്കു പുറമേ ബാനറുകളും ഭൂപടവും ലഭിച്ചിട്ടുണ്ട്. കൂടാതെ പ്രത്യേക കോഡിലുള്ള കത്തും ക്ണ്ടെത്തിയിട്ടുണ്ട്. അക്ഷരങ്ങളില്‍ ചിലത് മാത്രം രേഖപ്പെടുത്തികൊണ്ട് എഫൊര് ഷീറ്റില്‍ കൈകൊണ്ടെഴുതിയ കത്താണ് ലഭിച്ചത്. ഇതിലെ സന്ദേശമെന്താണെന്നത് യുവാക്കളും വ്യക്തമാക്കിയിട്ടില്ല.