ദൈവത്തിനൊരു നാടുണ്ട്. പച്ചപുതച്ച കേരളമാണത്. പക്ഷേ ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം എവിടെയാണ്?.
കേരളത്തിൽ നിന്നു നാലായിരത്തോളം കിലോമീറ്റർ അകലെ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയിലാണ് ആ ഗ്രാമം. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമെന്ന ഖ്യാതി സ്വന്തമാക്കിയ പ്രകൃതിയെ പ്രണയിക്കുന്ന ഒരു പറ്റം മനുഷ്യരുടെ സ്വന്തം നാടായ “മൗലിന്നോംഗ്’.
പ്രകൃതിയോടിണങ്ങി നിർമിച്ച ചെറിയ വീടുകളും പൂന്തോട്ടങ്ങളും മനോഹാരിത പകരുന്ന ഈ ഗ്രാമത്തിന്റെ മുഖമുദ്ര വൃത്തിയും വെടിപ്പുമാണ്. ഇവിടെ എപ്പോഴും ചെടികൾ പൂത്തു നിൽക്കും. 95 കുടുംബങ്ങളിലായി 520 അംഗങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. കുട്ടികളുൾപ്പെടെ ഗ്രാമവാസികളായ എല്ലാവരുടെയും നിസ്വാർഥമായ പ്രവർത്തനത്തിന്റെ ഫലമായാണ്, അവിടെയെത്തുന്ന എല്ലാ സഞ്ചാരികളുടെയും ഉള്ളിൽ മൗലിന്നോംഗ് വൃത്തിയുള്ള ഒരോർമായി ചേക്കേറുന്നത്.
ഡിസ്കവർ ഇന്ത്യ മാഗസിനാണ് 2003 ൽ മൗലിംന്നോംഗിനെ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി തെരഞ്ഞെടുത്തത്. തുടർന്ന് 2005 ൽ ഏറ്റവും വൃത്തിയുള്ള ഇന്ത്യൻ ഗ്രാമമായി കേന്ദ്രസർക്കാർ തെരഞ്ഞെടുത്തതും മൗലിംഗ്നോംഗിനെ തന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദി “സ്വച്ഛ് ഭാരത്’ പരിപാടി ആരംഭിക്കുന്നതിനും ഏറെ മുൻപ് ഈ പദ്ധതി നടപ്പിൽ വരുത്തിയെന്ന ബഹുമതിയും ഈ ഗ്രാമത്തിനു മാത്രം അവകാശപ്പെട്ടതാണ്. ഗ്രാമത്തിലേക്ക് കടന്നുചെല്ലുന്ന സന്ദർശകരെ എതിരേൽക്കുന്നത്, “ദൈവത്തിന്റെ സ്വന്തം പുന്തോട്ടമായ മൗലിന്നോംഗിലേക്ക് സ്വാഗതം’ എന്ന ബോർഡാണ്. ഒപ്പം ഗ്രാമം വൃത്തിയായി സൂക്ഷിക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളും എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്.
സർക്കാർ സഹായങ്ങളോ ശുചീകരണ പദ്ധതികളോ അല്ല മൗലിന്നോംഗിനെ ലോകത്തിന്റെ നിറുകയിലെത്തിച്ചത്. തലമുറകളായി അവർ തുടരുന്ന പ്രകൃതിയോടിണങ്ങിയുള്ള ജീവിതവും പൂർവികർ പകർന്നു നൽകിയ പാഠങ്ങളുമാണ്. “ഗ്രാമം നമ്മുടെ വീടാണ്, അത് ശുചിയായി സൂക്ഷിച്ചേ മതിയാകൂ. ഓരോ ഗ്രാമവാസിക്കും ഗ്രാമത്തിന്റെ കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. കുഞ്ഞുങ്ങൾ പോലും അത് മനസിലാക്കുന്നു. പൂർവികർ പകർന്ന ആ പാഠമാണ് ഇവിടെ ഞങ്ങളെ കർമിനിരതരാക്കുന്നത്’ഗ്രാമത്തിന്റെ തലവനായ ബഞ്ചോപ്ത്തിയാവോ പറയുന്നു.
ഇന്ത്യയിലെ മറ്റ് ഗ്രാമങ്ങളിൽ നിന്ന് വ്യത്യസ്തമായി മൗലിന്നോംഗിലെ എല്ലാ വീടുകളിലും ശൗചാലയങ്ങളുണ്ട്. അതും 1980 കളിൽ തന്നെ. മാലിന്യ നിർമാർജനവും ഡ്രെയിനേജ് സംവിധാനവും ഏത് നഗരവാസിയെയും അദ്്ഭുതപ്പെടുത്തുന്നതാണ്. നടപ്പാതയുടെ വശത്ത് നിർമിച്ച ഓടകളിലൂടെ വെള്ളം കൃത്യമായി കൃഷിസ്ഥലങ്ങളിലേക്ക് ഒഴുക്കി വിടുന്നു. ഒരു തുള്ളി വെള്ളം പോലും എവിടെയും കെട്ടിക്കിടക്കുന്നതു കാണാൻ കഴിയില്ല. ഗ്രാമത്തിലെ എല്ലാ നടപ്പാതകളുടെ ഓരത്തും ഇടവിട്ട് മുള കൊണ്ടു നിർമിച്ച ബാസ്കറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. നടന്നു പോകുന്പോൾ വഴിയിൽ ചപ്പുചവറുകളോ ഉണങ്ങിവീണ ഇലകളോ കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ അതെടുത്തു ബാസ്കറ്റിൽ നിക്ഷേപിക്കുക എന്നത് കുട്ടികൾ പോലും മുടക്കാത്ത ശീലമാണ്. വൃത്തിയെപ്പറ്റിയും മാലിന്യനിർമാർജനത്തെക്കുറിച്ചും കുട്ടികളിൽ നന്നേ ചെറുപ്പത്തിലെ ബോധവത്കരണം നടത്തുന്നവരാണ് ഈ ഗ്രാമത്തിലെ മാതാപിതാക്കൾ. അതുകൊണ്ടു തന്നെ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളെയും അവർ ബോധവൽക്കരിക്കും. വൃത്തിയെക്കുറിച്ച് കുട്ടികൾ പറയുന്നതു കേൾക്കുന്പോൾ സഞ്ചാരികൾ പോലും അദ്ഭുതംകൂറും.
വീടുകൾ തമ്മിൽ അതിരുകളില്ല. കുട്ടികൾക്കു പഠിക്കാൻ സ്കൂളുണ്ട്. അവിടെ ക്ലാസ്മുറികളുമുണ്ട്. എന്നാൽ മിക്കവാറും അവർ അധ്യാപകരോടൊപ്പം പുറത്തിരുന്നാണ് പഠിക്കുന്നത്. പ്രകൃതിയെ കണ്ട്, പ്രകൃതിയുടെ കുടയ്ക്കു കീഴിൽ പ്രകൃതിയെ അറിഞ്ഞുള്ള പഠനം. നൂറു ശതമാനം സാക്ഷരത. എല്ലാവരും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവർ.
ഇവിടെയെത്തുന്ന വിനോദസഞ്ചാരികളോട് അവർ നന്നായി സംസാരിക്കും. വൃത്തിയെക്കുറിച്ച് സഞ്ചാരികളെ ബോധവാ·ാരാക്കും. കുട്ടികൾ പോലും ഇക്കാര്യത്തിൽ മുൻപന്തിയിലാണ്. “ഡോണ്ട് ത്രോ യുവർ വാട്ടർ ബോട്ടിൽ ഓണ് ദ റോഡ്’കുഞ്ഞ് അരുവി ഒഴുകന്ന ശബ്ദത്തിൽ അവർ പറയുന്പോൾ, അവിടെയെത്തുന്ന ഏതു നാഗരികനും അത് അനുസരിക്കും. അപ്പോൾ അവർ സഞ്ചാരികൾക്കു റോഡരികിൽ സ്ഥാപിച്ചിട്ടുള്ള മുളകൊണ്ടു നിർമിച്ച ബാസ്കറ്റുകൾ കാട്ടിക്കൊടുക്കും.
നിരവധി നിർദേശങ്ങളാണ് വിനോദസഞ്ചാരികൾക്കായി ഗ്രാമവാസികൾ ഒരുക്കിയിരിക്കുന്നത്. ഇതു കാരണം ഗ്രാമത്തിൽ ഒരിക്കലും മാലിന്യം കുന്നുകൂടുകയില്ല. ഇക്കോടൂറിസമാണ് മേഘാലയയിലെ ഖാസി കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽ നടപ്പാക്കുന്നത്. ’അയൽക്കാരന്റെ അസൂയ ഉടമസ്ഥന്റെ അഭിമാനം’ എന്നാണ് ഗ്രാമവാസികളുടെ ആപ്തവാക്യം. അയൽഗ്രാമക്കാർക്ക് അസൂയയുണ്ടാക്കുന്ന തരത്തിൽ തങ്ങളുടെ ഗ്രാമം വൃത്തിയായി സൂക്ഷിക്കാൻ ഒരോ ഗ്രാമവാസിയും താൽപര്യമെടുക്കുന്നു.
വീട്ടുജോലികൾ തീർന്നാൽ പിന്നെ ഇവിടത്തെ എല്ലാ വീട്ടമ്മമാരുടെയും പ്രധാന ജോലി വീട്ടുമുറ്റവും നടപ്പാതയും വൃത്തിയാക്കുകയാണ്. ഇതിനായി ആരും അവരെ നിർബന്ധിക്കുന്നില്ല. വീടു വൃത്തിയാക്കുന്നതു പോലയാണ് അവർക്ക് ഗ്രാമം വൃത്തിയാക്കുന്നതും. എല്ലാ ദിവസവും വൈകുന്നേരം ബാസ്കറ്റുകളിലെ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കും. പുരഷന്മാരാണ് ഈ ചുമതല നിർവഹിക്കുന്നത്. ജൈവമാലിന്യങ്ങൾ വേർതിരിച്ച് വളമാക്കും. ബാക്കിയുള്ളവ കത്തിച്ചു ചാരമാക്കും. ഇതിനെല്ലാം പ്രത്യേകം പ്രത്യേകം സ്ഥലങ്ങളുണ്ട് ഗ്രാമത്തിൽ.
കൃഷിയാണ് ഇവിടത്തെ മനുഷ്യരുടെ പ്രധാന വരുമാന മാർഗം. ചൂല് നിർമിക്കുന്നതിനായുള്ള പുല്ല് കൃഷി ചെയ്യുക. വെറ്റില, അടയ്ക്ക തുടങ്ങിയവയും കൃഷിയിടങ്ങളിൽ വളരുന്നു. ആഴ്ചയിലൊരിക്കൽ ഇവയൊക്കെ സമീപത്തെ ചന്തയിൽ കൊണ്ടു പോയി വിൽക്കും. പണം ഉപയോഗിച്ചുള്ള കച്ചവടം മാത്രമല്ല, ബാർട്ടർ സന്പ്രദായവും(ഒരു സാധനം കൊടുത്ത് മറ്റൊരു സാധനം വാങ്ങുന്ന രീതി) ഇവിടെ കാണാം. ഇക്കോ ടൂറിസത്തിൽ നിന്നും ഗ്രാമത്തിന് ഇപ്പോൾ നല്ല വരുമാനം ലഭിക്കുന്നുണ്ട്. ടൂറിസ്റ്റുകൾക്കായി മുളയിൽ തീർത്ത വീടുകളും ഹോംസ്റ്റേ അടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പക്ഷേ അവിടെയും ഗ്രാമവാസികൾക്ക് ലാഭക്കണ്ണില്ല. ടൂറിസ്റ്റുകൾക്കായി ആകെയുള്ളത് 25 മുളവീടുകൾ മാത്രമാണ്. തിരക്കേറുന്നതിനാൽ നേരത്തെ ബുക്ക് ചെയ്യുന്നവർക്കു മാത്രമേ വീടുകൾ ലഭിക്കു. ഭക്ഷണമടക്കം ഒരു ദിവസത്തേക്ക് 1500 രൂപ മാത്രമാണ് ഈടാക്കുന്നത്.
മൗലിന്നോംഗിലേക്കുള്ള വഴി
മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗിൽ നിന്നും 90 കിലോമീറ്റർ അകലെ ബംഗ്ലാദേശ് അതിർത്തിയോടടുത്ത് ഈസ്റ്റ് ഖാസി ജില്ലയിലാണ് മൗലിന്നോംഗ്. ഷില്ലോംഗിൽ നിന്നു രണ്ടേ മുക്കാൽ മണിക്കൂറു കൊണ്ട് റോഡുമാർഗം അവിടെയെത്തിച്ചേരാം. മലഞ്ചെരുവിലൂടെയുള്ള പാതയിലൂടെയുള്ള സഞ്ചാരം കാഴ്ചാനുഭവത്തിനൊപ്പം സാഹസികതയുടെ സുഖം പകരുന്നതു കൂടിയാണ്. മണ്സൂണ്കാലമാണ് മൗലിന്നോംഗ് സന്ദർശിക്കാനുള്ള ഏറ്റവും മികച്ച സമയം. പച്ച പുതച്ച മലനിരകൾക്കൊപ്പം നിറഞ്ഞൊഴുകുന്ന ചെറു അരുവികളും വെള്ളച്ചാട്ടങ്ങളും പൂവിട്ടു നിൽക്കുന്ന ചെടികളും കാഴ്ചയുടെ വസന്തം സൃഷ്ടിക്കുന്ന മൗലിന്നോംഗ് ഒരു വാൻഗോഗ് ചിത്രം പോലെ സുന്ദരമാണ്.
ഖാസി ട്രൈബ് വിഭാഗത്തിൽപെടുന്ന പ്രകൃതിസ്നേഹികളായ മനുഷ്യരാണ് ഇവിടെയുള്ളത്. കൃഷി തന്നെയാണ് പ്രധാന വരുമാന മാർഗം. പപ്പായ, പൈനാപ്പിൾ, ഓറഞ്ച് തുടങ്ങിയ ഫലവൃഷങ്ങൾ നിറഞ്ഞ പറന്പുകൾ. തികച്ചും ലളിതമായ ജീവിതം. ആർഭാടങ്ങൾ ഇല്ല. പുകവലിയും മദ്യപാനവും എല്ലാം ഇവർക്കു വർജ്യമാണ്.
പെണ്പെരുമ
ഗ്രാമത്തിന്റെ നായകർ സ്ത്രീകളാണ്. വീട്ടുകാര്യങ്ങൾക്കൊപ്പം വീടിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് പെണ്കുട്ടികളാണ്. കുടുംബത്തിന്റെ സ്വത്ത് ഏറ്റവും ഇളയ പെണ്കുട്ടിക്കാണ് കിട്ടുക. അവളെ വിവാഹം കഴിക്കുന്ന പുരുഷൻ അവളുടെ വീട്ടിൽ വന്നു താമസിക്കണം. എട്ടോ പത്തോ വയസാകുന്പോൾ തന്നെ വീട്ടുകാര്യങ്ങളും സഹോദരങ്ങളുടെ കാര്യങ്ങളും നോക്കാൻ ഇവിടത്തെ പെണ്കുട്ടികൾ പ്രാപ്തരാണ്.
പ്രകൃതി രമണീയമായ കാഴ്ചകൾ കൊണ്ട് സന്പന്നമായ മൗലിന്നോംഗിലും സമീപപ്രദേശങ്ങളിലും തിരക്കേറിയ ടൂറിസ്റ്റു കേന്ദ്രങ്ങളുണ്ട്. മൗലിന്നോംഗിലും സമീപഗ്രാമങ്ങളിലുമുള്ള ലിവിംഗ് റൂട്ട്ബ്രിഡ്ജ് ആണ് സഞ്ചാരികളുടെ മുഖ്യ ആകർഷണം.
ലിവിംഗ് റൂട്ട് ബ്രിഡ്ജ്
കാട്ടിലൂടെ നടക്കുന്പോൾ അരുവികളുടെ ഇരുകരകളെയും ബന്ധിപ്പിച്ചുകൊണ്ടാണ് ലിവിംഗ് റൂട്ട് ബ്രിഡ്ജുകളുള്ളത്. ഇരുകരകളിലും നിൽക്കുന്ന മരങ്ങളുടെ വേരുകൾ വളർന്നാണ് പ്രകൃതിയുടെ ഈ നിർമിതി ഉണ്ടായിരിക്കുന്നത്. നൂറ്റാണ്ടുകൾ തന്നെ പഴക്കമുണ്ട് ഈ പാലങ്ങൾക്ക്. എത്രപേർ കയറിയാലും പാലത്തിന് ഒരു കുലുക്കവുമില്ല. ഇതിലൂടെ കടന്നാണ് സഞ്ചാരികൾ പുഴയുടെ മറുകരയെത്തുന്നത്. പാലത്തിന്റെ ഉറപ്പു കൂട്ടാനായി ചെറിയ കല്ലുകളും വേരുകൾക്കു മുകളിൽ പാകിയിട്ടുണ്ട്. ഒരു പാലത്തിനു മുകളിൽ മറ്റൊരു പാലം വരുന്ന ഡബിൾ ഡെക്കർ ലിവിംഗ് റൂട്ട് ബ്രിഡ്ജും സഞ്ചാരികളുടെ മുഖ്യ ആകർഷണമാണ്.
സ്കൈ വാക്കും ബംഗ്ലാദേശ് സ്കൈ വ്യൂവും
മീറ്ററുകളോളം ഉയരത്തിൽ മരങ്ങളോടു ചേർത്തു മുളകൊണ്ടു കെട്ടിയുണ്ടാക്കിയ പ്ലാറ്റ്ഫോമാണ് സ്കൈവാക്ക്. ഇവിടെ നിന്നു നോക്കിയാൽ ബംഗ്ലാദേശ് അതിർത്തി വിശാലമായി കാണാനാകും. സഞ്ചാരികൾക്കു മറക്കാനാകാത്ത ഒരു കാഴ്ചയാണിത്.
ഡോകി നദി
മാൗലിന്നോംഗിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ അകലെ ബംഗ്ലാദേശ് അതിർത്തിയിലാണ് ഡോകി നദി. നദിക്കപ്പുറം ബംഗ്ലാദേശും ഇപ്പുറം ഇന്ത്യയുമാണ്. തെളിഞ്ഞ വെള്ളമുള്ള നദിയാണ് ഡോകി.
നദിയുടെ അടിത്തട്ടിലെ പാറക്കെട്ടുകൾ വരെ തീരത്തു നിന്നു നോക്കിയാൽ കാണാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. അത്ര തെളിമയാണ് നദിയിലെ ജലത്തിന്. ഇതും സഞ്ചാരികളുടെ മറ്റൊരാകർഷണമാണ്.
ഡി. ദിലീപ്