കൽപ്പറ്റ: വെറ്ററിനറി മേഖലയിൽ ആദ്യമായി വിദൂര നിയന്ത്രിത (ടെലി ഗൈഡഡ്) ശസ്ത്രക്രിയ നടത്തി. മലേഷ്യയിലെ പെനാംഗിനു സമീപം വിൻസർ മൃഗാശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച മിനിയേച്ചർ പിൻഷൻ ഇനത്തിൽപ്പെട്ട രണ്ടുമാസം പ്രായമുള്ള മാക്സ് എന്ന നായക്കുട്ടിക്കായിരുന്നു ശസ്ത്രക്രിയ.
വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ ഡോക്ടർമാർ ടെലി മീഡിയ സംവിധാനത്തിലൂടെയാണ് സങ്കീർണമായ തൊറാസിക് ശസ്ത്രക്രിയയ്ക്കു ആവശ്യമായ നിർദേശങ്ങൾ നൽകിയത്.
വാസ്ക്യൂലാർ റിംഗ് അനോമലി എന്ന ജന്മവൈകല്യത്തിൽനിന്നാണ് ശസ്ത്രക്രിയയിലൂടെ മാക്സ് മോചിതനായത്. ഭ്രൂണാവസ്ഥയിലിരിക്കെ മഹാരക്തധമനി ശ്വാസകോശത്തിലേക്കുള്ള രക്തധമനിയുമായിചേർന്ന് അന്നനാളത്തിനുചുറ്റുമായി വലയം സൃഷ്ടിക്കുകയും അന്നനാളം അതിനുള്ളിൽ ഞെരുങ്ങിപ്പോകുകയും ചെയ്യുന്നതാണ് വാസ്ക്യുലാർ റിംഗ് അനോമലി.
കഴിക്കുന്ന ആഹാരം കെട്ടിക്കിടന്നു അന്നനാളം ക്രമാതീതമായി വികസിക്കാനും ഇത് കാരണമാകും. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല ഡീൻ ഡോ.കോശി ജോണ്, ആശുപത്രി മേധാവി ഡോ.കെ.സി. ബിപിൻ എന്നിവരുടെ മേൽനോട്ടത്തിൽ ഡോ.എസ്. സൂര്യദാസ്, ഡോ.എൻ.എസ്. ജിനേഷ്കുമാർ, ഡോ.ജിഷ ജി. നായർ, ഡോ.ഇ.സി. പ്രവീണ് എന്നിവരാണ് ശസ്ത്രക്രിയയ്ക്കു നിർദേശങ്ങൾ നൽകിയത്.
മാക്സിനെ ചികിത്സയ്ക്കെത്തിച്ച ആശുപത്രിയിൽ ജോലിചെയ്യുന്ന കേരളത്തിൽനിന്നുള്ള ഡോ.ഷിബു സുലൈമാനാണ് പൂക്കോട് വെറ്ററിനറി കോളജുമായി ബന്ധപ്പെട്ട് ടെലി ഗൈഡഡ് ശസ്ത്രക്രിയയ്ക്കു വഴിയൊരുക്കിയത്.
പൂക്കോടുനിന്നു നൽകിയ നിർദേശങ്ങൾ അനുസരിച്ചാണ് മലേഷ്യയിലെ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കു സൗകര്യം ഒരുക്കിയത്. അഞ്ചു മണിക്കൂറെടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
വിൻസർ ആശുപത്രിയിലെ ഡോ.ഷിബു സുലൈമാൻ, ഡോ.ശിവകുമാർസിംഗ്, ഡോ.തെഐലിംഗ്, ഡോ.അമൽ ഭാസ്കർ എന്നിവർ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകി.