എെസ്ക്രീം എന്നു കേൾക്കുന്പോൾ തന്നെ നാവിൽ വെള്ളമൂറും. അപ്പോൾ കോണിൽ 125 സ്കൂപ് വച്ച് തന്നാലോ? കേട്ടിട്ട് മനസിൽ ലഡു പൊട്ടിയിട്ടുണ്ടാവും അല്ലേ?
ഒരു കോണിൽ 125 സ്കൂപ് ഐസ്ക്രീം അടുക്കിവച്ച് ഗിന്നസ് റിക്കാർഡ് നേടിയിരിക്കുകയാണ് ഇറ്റലിക്കാരനായ ദിമിത്രി പാൻസിയേര.
ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡിന്റെ കണക്കനുസരിച്ച് 2013-ൽ ഒരു കോണിൽ 85 സ്കൂപ് ഐസ്ക്രീമുകൾ അടുക്കിവെച്ച് പാൻസിയേര തന്നെയായിരുന്നു ഈ റിക്കാർഡ് ആദ്യം നേടിയത്.
പിന്നീട് 123 സ്കൂപ് ഐസ്ക്രീം നിലത്ത് വീഴാതെ ക്രമീകരിച്ച് അഷ്രിത ഫർമാൻ എന്ന വ്യക്തി റിക്കാർഡ് തകർത്തു.
പാൻസിയേര വെറുതെ ഇരിക്കുമോ? 125 സ്കൂപ് ഐസ്ക്രീം അടുക്കിവച്ച് പാൻസിയേര റിക്കാർഡ് തിരിച്ചുപിടിച്ചിരിക്കുകയാണ്. ഇറ്റലിയിലെ ഗിന്നസ് ടിവി സ്പെഷ്യലായ ലാ നോട്ട് ഡേ റിക്കാർഡിൽ ആണ് പാൻസിയേര തന്റെ റിക്കാർഡ് തിരിച്ചുപിടിച്ചത്.
125 സ്കൂപ്പുകൾ ക്രമീകരിച്ചതിന് ശേഷം 10 സെക്കന്റത്തേക്ക് നിലത്ത് ഒന്നും വീഴുന്നില്ല എന്നുറപ്പ് വരുത്തിയതിന് ശേഷമാണ് വിധികർത്താക്കൾ മൊത്തം സ്കൂപ്പുകളുടെ എണ്ണം കണക്കാക്കി പുതിയ ഗിന്നസ് റിക്കാർഡ് പ്രഖ്യാപിച്ചത്.
പാൻസിയേരയുടെ തകർപ്പൻ പ്രകടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.