ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും രൂക്ഷമായി വിമർശിക്കുന്ന വീഡിയോ പങ്കുവച്ച റാപ് ഗായിക ഹർദ് കൗറിന്റെ അക്കൗണ്ട് ട്വിറ്റർ നീക്കം ചെയ്തു. മോദിയെയും അമിത് ഷായെയും വെല്ലുവിളിച്ച ഹർദ് കൗർ ഇവർക്കെതിരെ കടുത്ത ഭാഷയിലാണ് സംസാരിച്ചത്.
ട്വിറ്ററിൽ പങ്കുവച്ച വീഡിയോ നിമിഷങ്ങൾക്കകം ട്വിറ്റർ ട്രെൻഡിങ്ങായി. വീഡിയോ പങ്കുവെച്ചതിന് പിന്നാലെ വീ ആർ വാരിയേഴ്സ് എന്ന തന്റെ പുതിയ ഗാനത്തിന്റെ പ്രമോഷനുവേണ്ടിയുള്ള വീഡിയോ ക്ലിപ്പും ഹർദ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
യോഗി ആദിത്യനാഥിനെ ’റേപ്മാൻ’ എന്ന് വിശേഷിപ്പിക്കുകയും പുൽവാമയടക്കമുള്ള രാജ്യത്തെ ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദി മോഹൻ ഭാഗവതാണെന്നും നേരത്തെ ഹർദ് കൗർ ആരോപിച്ചിരുന്നു. ഹേമന്ത് കർക്കറെയുടെ മരണത്തിനും മോഹൻ ഭാഗവാതാണ് ഉത്തരവാദിയെന്നും ഹർദ് കൗർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ഇതോടെ ഐപിസി സെക്ഷൻ 124(എ), 153, 500, 505, ഐടി ആക്ട് 66 എന്നീ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിരുന്നു.