ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ട്വന്റി-20 നടന്ന വിശാഖപട്ടണത്തെ പിച്ചിൽ ധോണിയേപ്പോലൊരു ബാറ്റ്സ്മാനുപോലും റണ്‍ നേടുക പ്രയാസകരമാണെന്ന് ഗ്ലെൻ മാക്സ്വെൽ. മത്സരത്തിൽ ധോണിയുടെ മെല്ലെപ്പോക്കും സ്ട്രൈക്ക് കൈമാറാത്തതും വൻ വിമർശനത്തിനു കാരണമായ പശ്ചാത്തലത്തിലാണ് ഓസീസ് താരത്തിന്റെ വെളിപ്പെടുത്തൽ. 37 പന്തിൽ 29 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ധോണിയുടെ ബാറ്റിൽനിന്ന് ഒരു സിക്സർ മാത്രമാണ് പിറന്നത്, ഒരു ഫോർ പോലും ഉണ്ടായുമില്ല.
പന്ത് ബാറ്റിലേക്ക് വരുന്ന പിച്ചായിരുന്നില്ല. താഴ്ന്നാണ് പന്ത് എത്തിയിരുന്നത്. ധോണിയേപ്പോലൊരു ഫിനിഷർക്കുപോലും ബൗണ്ടറി നേടാൻ സാധിക്കാത്ത സാഹചര്യമായിരുന്നു- മാക്സ്വെൽ പറഞ്ഞു. ധോണിയെ അവസാന ഓവറുകളിൽ ബൗണ്ടറി നേടാൻ അനുവദിക്കാതിരുന്ന ഓസീസ് ബൗളർമാരെയും മാക്സ്വെൽ അഭിനന്ദിച്ചു. മാക്സ്വെൽ 43 പന്തിൽ 56 റണ്‍സ് നേടി ഓസീസ് ടോപ് സ്കോററായിരുന്നു.