ബംഗളൂരു: ഗ്ലെന്‍ മാക്സ്വെലിന്റെ തകര്‍പ്പന്‍ സെഞ്ചുറി മികവില്‍ ഓസ്ട്രേലിയയ്ക്കു പരമ്പര. ഇന്ത്യക്കെതിരേയുള്ള രണ്ടു മത്സര ട്വന്റി 20 പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഏഴു വിക്കറ്റിന്റെ ഗംഭീര ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. പതിനൊന്നു വര്‍ഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യക്കെതിരേ ഓസ്ട്രേലിയ ട്വന്റി 20 പരമ്പര നേടുന്നത്. 191 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ രണ്ടു പന്ത് ബാക്കിയിരിക്കേയാണ് വിജയം സ്വന്തമാക്കിയത്. മാക്സ്വെലാണ് മാൻ ഓഫ് ദ മാച്ച്.
ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റിന് 190. ഓസ്ട്രേലിയ 19.4 ഓവറില്‍ മൂന്നു വിക്കറ്റിന് 194. 55 പന്ത് നേരിട്ട് 113 റണ്‍സുമായി പുറത്താകാതെ നിന്ന മാക്സ്വെല് ഏഴു ഫോറും ഒമ്പത് സിക്സും പായിച്ചു. 18 പന്തില്‍ 20 റണ്‍സുമായി പീറ്റര്‍ ഹാന്‍ഡ്സ്കോംബ് മാക്സ്വെലിനൊപ്പം പുറത്താകാതെ ക്രീസിലുണ്ടായിരുന്നു.
വന്‍ സ്കോറിലേക്കു ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 22 റണ്‍സിലെത്തിയപ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടമായി. എന്നാല്‍ ഡി ആര്‍സി ഷോര്‍ട്ട്-മാക്സ്വെല് മൂന്നാം വിക്കറ്റിൽ 73 റണ്‍സ് നേടി ഓസീസിനു പ്രതീക്ഷകള്‍ നല്കി. 28 പന്തില്‍ 40 റണ്‍സ് നേടിയ ഷോര്‍ട്ടിനെ വിജയ് ശങ്കര്‍ രാഹുലിന്റെ കൈകളിലെത്തിച്ചു.
ഇതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു ജീവന് വച്ചു. എന്നാല്‍ മാക്സ്വെലിനൊപ്പം ഹാന്‍ഡ്സ്കോംബ് നിലയുറപ്പിച്ചതോടെ ഇന്ത്യയുടെ കൈയില്‍നിന്ന് മത്സരം വഴുതി. ഹാന്‍ഡ്സ്കോംബ് സ്ട്രൈക്കുകള്‍ കൈമാറിയതോടെ മാക്സ്വെല് അടിച്ചുതകര്‍ത്തു.
ബാറ്റിംഗിലെ മെല്ലെപ്പോക്കിന് ഇതുവരെ കേട്ട പഴികളുടെ കേടു തീര്‍ക്കുന്ന പ്രകടനവുമായി മഹേന്ദ്രസിംഗ് ധോണിയും ട്വന്റി20യില്‍ കൂടുതല്‍ അര്‍ധസെഞ്ചുറികളെന്ന റിക്കാര്‍ഡ് സ്വന്തമാക്കിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഫോമിലേക്കു ബാറ്റ് വീശിയ ലോകേഷ് രാഹുലും ചേര്‍ന്നാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.
ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനു വിട്ടു. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമുമായാണ് ഓസീസ് ഇറങ്ങിയത്. അതേസമയം, ഇന്ത്യന്‍ നിരയില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി. ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കു വിശ്രമം അനുവദിച്ചപ്പോള്‍, ശിഖര്‍ ധവാന് ടീമില്‍ തിരിച്ചെത്തി. സ്പിന്നര്‍ മായങ്ക് മാര്ക്കണ്ഡെയ്ക്കു പകരം വിജയ് ശങ്കറും പേസര്‍ ഉമേഷ് യാദവിനു പകരം സിദ്ധാര്‍ഥ് കൗളും ടീമില്‍ ഇടം പിടിച്ചു.
ഓപ്പണിംഗ് വിക്കറ്റില്‍ 61 റണ്‍സുമായി ലോകേഷ് രാഹുല്‍-ശിഖര്‍ ധവാന് സഖ്യം മികച്ച തുടക്കം നല്കി. തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറിയിലേക്കു നീങ്ങിയ രാഹുലിനെ നഥാന്‍ കോള്‍ട്ടര്‍ നീലാണ് പുറത്താക്കിയത്.
26 പന്തില്‍ മൂന്നു ബൗണ്ടറിയും നാലു സിക്സും സഹിതം 47 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം. രാഹുല്‍ പുറത്തായി അധികം വൈകാതെ ഇഴഞ്ഞുനീങ്ങിയ ധവാനും (24 പന്തില്‍ 14) പുറത്തായി. ശേഷമെത്തിയ ഋഷഭ് പന്തിനു തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ശോഭിക്കാനായില്ല. ആറു പന്തുകള്‍ നേരിട്ട് ഒരു റണ്‍ മാത്രമെടുത്ത പന്തിനെ ഡി ആര്‍സി ഷോര്‍ട്ട് പുറത്താക്കി. മൂന്നു വിക്കറ്റിന് 74 എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നു.
ഇതിനുശേഷമായിരുന്നു ഓസീസിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത കോഹ്ലി-ധോണി കൂട്ടുകെട്ട് പിറന്നത്. 50 പന്തു നീണ്ട കൂട്ടുകെട്ട് 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 23 പന്തില്‍ മൂന്നു വീതം ബൗണ്ടറിയും അത്രതന്നെ സിക്സുമടിച്ച് 40 റണ്‍സിലെത്തിയ ധോണി അവസാന ഓവറിലാണ് പുറത്തായത്. പിന്നീട് ദിനേഷ് കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് കോഹ്ലി ഇന്ത്യന്‍ സ്കോര്‍ 190ല്‍ എത്തിച്ചു.
കാര്‍ത്തിക് മൂന്നു പന്തില്‍ രണ്ടു ബൗണ്ടറി സഹിതം എട്ടു റണ്‍സുമായി പുറത്താകാതെ നിന്നു. ഓസീസ് ബൗളര്‍മാരില്‍ നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങിയ ആദം സാംപയും മൂന്ന് ഓവറില്‍ 17 റണ്‍സ് വഴങ്ങി ജേസണ്‍ ബെഹ്റെന്ഡോര്ഫും മികച്ചുനിന്നു. 38 പന്തുകള്‍ നേരിട്ട് പുറത്താകാതെ നിന്ന കോഹ്ലി രണ്ടു ഫോറും ആറു സിക്സും പായിച്ച് 72 റണ്‍സ് നേടി.
സ്കോര്‍ബോര്‍ഡ് / ഇന്ത്യ
കെ.എല്‍. രാഹുല്‍ സി റിച്ചാര്ഡ്സണ് ബി കോള്‍ട്ടന്‍ നീല്‍ 47, ധവാന് സി സ്റ്റോയിനിസ് ബി ബെഹറെന്‍ഡോര്‍ഫ് 14, കോഹ് ലി നോട്ടൗട്ട് 72, പന്ത് സി റിച്ചാര്ഡ്സണ് ബി ഷോര്‍ട്ട് 1, ധോണി സി ഫിഞ്ച് ബി കമ്മിന്‍സ് 40, കാര്‍ത്തിക് നോട്ടൗട്ട് 8, എക്സ്ട്രാസ് 8, ആകെ 20 ഓവറില്‍ നാലു വിക്കറ്റിന് 190.
ബൗളിംഗ്
ബെഹറെന്‍ഡോര്‍ഫ് 3-0-17-1, റിച്ചാര്ഡ്സണ് 4-0-45-0, കോള്‍ട്ടര്‍ നീല്‍ 3-0-33-1, കമ്മിന്‍സ് 3-0-40-1, സാംപ 4-0-23-0, ഷോര്‍ട്ട് 3-0-29-1
ഓസ്ട്രേലിയ
ഷോര്‍ട്ട് സി രാഹുല്‍ ബി ശങ്കര്‍ 40, സ്റ്റോയിനിസ് ബി കൗള്‍ 7, ഫിഞ്ച് സി ധവാന് ബി ശങ്കര്‍ 8, മാക്സ്വെല് നോട്ടൗട്ട് 113, ഹാന്‍ഡ്സ്കോംബ് 20 നോട്ടൗട്ട്, എക്സ്ട്രാസ് 6, ആകെ 19.4 ഓവറില്‍ മൂന്നു വിക്കറ്റിന് 194.
ബൗളിംഗ്
വിജയ് ശങ്കര്‍ 4-0-38-2, ബുംറ 4-0-30-0, കൗള്‍ 3.4-45-1, ചാഹല്‍ 4-0-47-0, പാണ്ഡ്യ 4-0-33-0