ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്സ് വെല്ലിന് പരമ്പരാഗത തമിഴ് ശൈലിയില്‍ ‘തിരുമണം.’ പരമ്പരാഗത ശൈലിയില്‍ വിനി രാമന് മാക്സ്വെല് താലി കെട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ചെന്നൈ സൂപ്പര്‍ കിങ്സ് ഫാന്‍ ആര്‍മി അടക്കമുള്ള ഒട്ടേറെ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചു. നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കളിക്കാരനാണ് മാക്സ്വെല്.
വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനൊടുവില്‍ കഴിഞ്ഞ ആഴ്ച ഓസ്ട്രേലിയയില്‍ വെച്ചും വിനിയുടെ കഴുത്തില്‍ മാക്സ്വെല് താലികെട്ടിയിരുന്നു.
വിനി ഇന്ത്യന്‍ വംശജ ആയിരുന്നതിനാല്‍, രണ്ടു കുടുംബങ്ങളുടെയും താല്പര്യം കണക്കിലെടുത്താണ് ഇരുവരും രണ്ടു തവണ വിവാഹിതരാകാന്‍ തീരുമാനിച്ചത്.
ഓസ്ട്രേലിയന്‍ ശൈലിയിലുള്ള വിവാഹത്തിന്റെ ചിത്രം കഴിഞ്ഞ ആഴ്ച ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്ത ദമ്പതികള്‍ ഇങ്ങനെ കുറിച്ചിരുന്നു, ‘ഭാര്യയും ഭര്‍ത്താവും, ഇതിലും മികച്ചത് ഇനി വരാനിരിക്കുന്നതേയുള്ളു.’
പിന്നാലെയായിരുന്നു തമിഴ് ആചാരപ്രകാരമുള്ള വിവാഹം. മാക്സ്വെല്-വിനി ദമ്പതികളുടെ കഴിഞ്ഞ മാസം പുറത്തിറക്കിയ തമിഴില്‍ അച്ചടിച്ച കല്യാണക്കുറിയും വൈറലായിരുന്നു.
വിവാഹ അനുബന്ധ ആവശ്യങ്ങളെത്തുടര്‍ന്ന്, 2022 ഐപിഎല്‍ സീസണിനു മുന്നോടിയായി ഇന്ത്യയിലേക്കുള്ള യാത്രയും മാക്സ്വെല് വൈകിപ്പിച്ചിരുന്നു.
പാക്കിസ്ഥാനിലെ ഏകദിന ട്വന്റി20 പര്യടനത്തിനുള്ള ഓസീസ് ടീമുകളിലും മാക്സ്വെല്ലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.
അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാക്സ്വെല് റോയല്‍ ചാലഞ്ചേഴ്സ് ടീമിനൊപ്പം ചേരുമെന്നാണു പ്രതീക്ഷിക്കുന്നത്.
11 കോടി രൂപയ്ക്കാണ് മെഗാ താര ലേലത്തിനു മുന്നോടിയായി റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ അധികൃതര്‍ മാക്സ്വെല്ലിനെ നിലനിര്‍ത്തിയത്.
ടീമിനൊപ്പമുള്ള ആദ്യ സീസണായ 2021ല്‍ 15 കളിയില്‍ 42.75 ശരാശരിയില്‍ 513 റണ്‍സാണു മാക്സ്വെല് അടിച്ചെടുത്തത്.
മാക്സ്വെല് ഇല്ലാതെ 2022 സീസണിലെ ആദ്യ മത്സരത്തില്‍ മാക്സ് വെല്‍ ഇല്ലാതെ ഇറങ്ങിയ ബാംഗ്ലൂര്‍ 205 റണ്‍സ് നേടിയിട്ടും പഞ്ചാബിനോട് അഞ്ചു വിക്കറ്റിനു പരാജയപ്പെട്ടിരുന്നു.