എല്ലാവരുടെയും ജന്മദിനം ഒരേ ദിവസമായതിന്റെ അപൂർവ സൗഭാഗ്യത്തിലൊരു കുടുംബം. ചെറുപുഴ പാടിയോട്ടുചാൽ പട്ടുവത്തെ പുതിയടവൻ വീട്ടിൽ അനീഷ്കുമാർ - മണിയറ വീട്ടിൽ അജിത ദമ്പതികളും ഇവരുടെ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിനാണ് ജന്മദിനത്തിലെ അപൂര്‍വഭാഗ്യം അനുഭവിക്കാനുള്ള അവസരമുണ്ടായത്.
മേയ് 25 ആണ് ഇവരുടെ നാലുപേരുടെയും ജന്മദിനം. അച്ഛന്റെയും അമ്മയുടെയും മൂത്തമകൾ ആരാധ്യയുടെയും ജന്മദിനത്തില്‍ത്തന്നെ ഇന്നലെ രണ്ടാമത്തെ കുട്ടികൂടി ജനിച്ചതോടെയാണ് ഇവരുടെ കുടുംബത്തിലെ എല്ലാവരുടെയും ജന്മദിനം ഒരേദിവസമായത്.
1981 മേയ് 25നായിരുന്നു അനീഷ് കുമാറിന്റെ ജനനം. 1987 മേയ് 25ന് അജിതയുടെയും. 2011 ലായിരുന്നു ഇവരുടെ വിവാഹം. 2012 മേയ് 25നായിരുന്നു മൂത്തമകൾ ആരാധ്യയുടെ ജനനം. ഇന്നലെ രാവിലെ 11 ന് അജിത സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്ന പയ്യന്നൂര്‍ സബാ ആശുപത്രിയിലായിരുന്നു ഇവരുടെ രണ്ടാമത്തെ കുട്ടിയുടെ ജനനം.
കുറേനാള്‍ വിദേശത്തായിരുന്ന അനീഷ്കുമാര്‍ ഇപ്പോള്‍ നാട്ടില്‍ കൃഷിപ്പണികളുമായി കഴിയുകയാണ്.