മൂന്നാർ: രാജമല പെട്ടിമുടിയിലുണ്ടായ ദുരന്ത സ്ഥലത്ത് മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്താൻ സഹായിച്ചത് പോലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ സ്നിഫർ നായകൾ.
ബെൽജിയം മെലിനോയിസ് വിഭാഗത്തിൽപ്പെട്ട പത്ത് മാസം മാത്രം പ്രായമുളള ലില്ലിയെന്ന (മായ) പോലീസ് നായയും കൂട്ടുകാരി ഡോണയുമാണ് മണ്ണിനടിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നും ഇവർ ദുരന്തസ്ഥലത്ത് പരിശോധന നടത്തും.
തൃശൂരിലെ കേരള പോലീസ് അക്കാദമിയിൽ നടക്കുന്ന പരിശീലനം പൂർത്തിയാകുന്നതിന് മുന്പാണ് മായ എന്ന് വിളിക്കുന്ന ലില്ലിയെയും ഡോണയെയും പ്രത്യേക ദൗത്യത്തിനായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മുൻകൈയെടുത്ത് മൂന്നാറിലേക്ക് അയച്ചത്.
രണ്ട് ബാച്ചുകളിലായി പരിശീലനം നേടുന്ന പോലീസ് ശ്വാനസേനയിലെ പുതിയ ബാച്ചിലെ 35 നായ്ക്കളിൽപ്പെട്ടവരാണിവർ. മായ ഉൾപ്പെടെ രണ്ട് നായ്ക്കൾക്കാണ് മണ്ണിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ വിദഗ്ദ്ധ പരിശീലനം നൽകുന്നത്.
സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.ജി. സുരേഷ് ആണ് പരിശീലകൻ. പി. പ്രഭാത് ആണ് ഹാന്റ്ലർ. മൂന്നാറിലെത്തിയ ഡോണ മണ്ണിനടിയിൽ മനുഷ്യർ ജീവനോടെയുണ്ടെങ്കിൽ കണ്ടുപിടിക്കാൻ വിദഗ്ദ്ധ പരിശീലനം നേടിയതാണ്.
അഞ്ച് മണിക്കൂർ വരെ തുടർച്ചയായി വിശ്രമമില്ലാതെ പ്രവർത്തിക്കാൻ വർക്കിംഗ് ലാബ്രഡോർ വിഭാഗത്തിൽ പെട്ട ഡോണയ്ക്ക് കഴിയും. ജോർജ് മാനുവൽ കെ.എസ്.ആണ് ഹാന്റ്ലർ.
പെട്ടിമുടിയിൽ ലയങ്ങൾ നിന്നിരുന്ന സ്ഥലത്ത് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ പോലും കാണാനാവാത്ത വിധത്തിൽ കല്ലും മണ്ണും ചെളിയും നിറഞ്ഞതോടെയാണ് രക്ഷാ പ്രവർത്തനം ദുഷ്ക്കരമായത്. ആദ്യ രണ്ടു ദിവസങ്ങളിൽ ജെസിബി ഉപയോഗിച്ചായിരുന്നു തെരച്ചിലെങ്കിലും കൃത്യസ്ഥലം നിർണയിക്കാനാവാതെ വന്നതോടെയാണ് പോലീസ് നായ്ക്കളുടെ സേവനം തേടിയത്.
ഇന്നലെ 13 മൃതദേഹങ്ങൾ ഈ നായ്ക്കളുടെ സഹായത്തോടെയാണ് കണ്ടെത്തിയത്. സാധാരണ നിലയിൽ പെട്ടിമുടിയിലേതു പോലെ പ്രതികൂല സാഹചര്യങ്ങളിൽ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധന കാര്യമായ ഫലം ചെയ്യാറില്ല.അപകടസ്ഥലത്തെ വെള്ളമൊഴുക്കും മൃതശരീരത്തിന്റെ ഗന്ധം തിരിച്ചറിയാൻ കഴിയാത്തതുമായിരുന്നു തിരിച്ചടി.
എന്നാൽ മൃതശരീരങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനം നേടിയ മായയ്ക്കും ഡോണയ്ക്കും രക്ഷാ പ്രവർത്തനത്തിന് വിലപ്പെട്ട സംഭാവന നൽകാനായി. സംസ്ഥാനത്ത് നിലവിൽ എല്ലാ ജില്ലകളിലും ഡോഗ് സ്ക്വാഡുകൾ ഉണ്ട്.
150 നായ്ക്കളാണ് കേരള പോലീസിൽ ഉളളത്. കൂടാതെ സേനയിൽ നിന്ന് വിരമിക്കുന്ന നായ്ക്കളുടെ വിശ്രമകേന്ദ്രമായ തൃശൂർ കേരള പോലീസ് അക്കാദമിയിലെ വിശ്രാന്തിയിൽ 19 നായ്ക്കൾ വിശ്രമജീവിതം നയിക്കുന്നുമുണ്ട്.