ഹരിപ്പാട്: തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയുടെ വീട്ടിൽ നിന്ന് ഒരു ലക്ഷം രൂപയും സ്വർണാഭരണവും മോഷ്ടിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു.
പള്ളിപ്പാട് നടുവട്ടം കൊരണ്ടിപ്പള്ളിൽ ലക്ഷ്മിക്കുട്ടിയുടെ വീട്ടിൽ മോഷണം നടത്തിയ വീയപുരം വെള്ളംകുളങ്ങര പുത്തൻപുരയിൽ മായ കുമാരി (35)യെ ഹരിപ്പാട് കോടതി റിമാൻഡ് ചെയ്തത്.
വെള്ളിയാഴ്ച വൈകുന്നേരം 4. 30ന് ലക്ഷ്മിക്കുട്ടിയമ്മ സമീപമുള്ള ക്ഷേത്രത്തിൽ പോയ സമയം പ്രതിയായ മായ സമീപമുള്ള വീടിന്റെ ഗേറ്റിനു മുൻവശം സ്കൂട്ടറിൽ എത്തുകയും തുടർന്ന് വീടിനുള്ളിൽ കയറി പതുങ്ങിയിരുന്നു.
രാത്രിയിൽ തനിച്ചു താമസിക്കുന്ന ലക്ഷ്മികുട്ടിയമ്മ വീട് പൂട്ടി സമീപത്തെ ബന്ധുവീട്ടിൽ ഉറങ്ങാൻ പോയി.
പുലർച്ചെ എത്തി വീട് തുറന്ന് അകത്ത് കയറിയപ്പോഴാണ് അടുക്കള വാതിൽ തുറന്നു കിടക്കുന്നതുകണ്ടത്.
തുടർന്നു നടത്തിയ പരിശോധനയിലാണ് വീട്ടിലെ മുറികളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും അരപ്പവൻ തൂക്കമുള്ള കമ്മലും നഷ്ടപ്പെട്ട വിവരം അറിയുന്നത്.
ഹരിപ്പാട് പോലീസും വിരലടയാള വിദഗ്ധരും നടത്തിയ പരിശോധനയിൽ സിസിടിവിയിൽ പ്രതിയായ യുവതി പുലർച്ചെ 4.30ന് പ്ലാസ്റ്റിക് സഞ്ചിയുമായി വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നത് ശ്രദ്ധയിൽ പെടുകയും തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.