കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലി കേസില്‍ പോലീസിനെ സഹായിക്കാനെത്തിയിരിക്കുന്ന നായ്ക്കള്‍ 40 അടിയോളം താഴ്ചയില്‍ മറവു ചെയ്തിരിക്കുന്ന മൃതദേഹങ്ങൾപോലും മണത്തറിയാൻ കഴിവുള്ളവ.
ബെല്‍ജിയം മലിനോയിസ് വിഭാഗത്തില്‍പ്പെട്ട മായ, മർഫി എന്നീ നായ്ക്കളാണ് ഇലന്തൂരിൽ പോലീസിനൊപ്പം പരിശോധന നടത്തുന്നത്.
2020 മാർച്ചില്‍ ആണ് ഇവ സംസ്ഥാന പോലീസ് സേനയുടെ ഭാഗമായത്. തൃശൂരിലെ കേരള പോലീസ് അക്കാഡമിയിലാണ് മായ എന്ന് വിളിപ്പേരുളള ലില്ലിയും, മര്‍ഫിയും പരിശീലനം നേടിയത്.
മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് ഇവയ്ക്ക് വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്. പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും ഇവ മണത്തറിയും.
പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന പെട്ടിമുടിയില്‍ എട്ട് മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയത് മായയായിരുന്നു.
വെറും മൂന്നു മാസത്തെ പരിശീലനത്തിനു ശേഷമായിരുന്നു ഇത്. കൊക്കയാറിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മായയോടൊപ്പം മര്‍ഫിയും ഉണ്ടായിരുന്നു.