മലയാള സിനിമ-സീരിയല്‍ രംഗത്ത് ഒരുകാലത്ത് നിറഞ്ഞു നിന്ന താരമായിരുന്നു മായാ മൗഷ്മി. 25ലധികം സിനിമകളിലും 40ല്‍ അധികം സീരിയലുകളിലും വേഷമിടാന്‍ മായാ മൗഷ്മിയ്ക്കായി.
സിനിമാ സീരിയല്‍ നടി എന്നതിലുപരി ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളിലും ഉലയാതെ പിടിച്ചു നിന്ന് ജീവിതത്തിനോട് പോരാടിയ സ്ത്രീ കൂടിയാണ് മായ.
അഭിനയ രംഗത്തും നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം ഇപ്പോള്‍. ഒരു നടി ഇന്‍ഡസ്ട്രിയില്‍ നിന്നും മാറി നില്ക്കുമ്പോള് തന്നെ അവരെ പറ്റി നിരവധി ഗോസിപ്പുകളാണ് പുറത്ത് വരുക.
എന്നാല്‍ ഒറ്റ ഗോസിപ്പുകള്‍ക്കും മറുപടി നല്‍കാതെ ഇത്രയും കാലം ജീവിതത്തിലെ പുതിയ അതിഥിയ്ക്കൊപ്പമുള്ള ജീവിതം ആസ്വദിക്കുകയായിരുന്നു മായ.
ആദ്യ വിവാഹം വേര്‍പിരിഞ്ഞ ശേഷം 2002 ജൂലായ് രണ്ടിനാണ് സീരിയല്‍ സംവിധായകനായ ഉദയ കുമാറിനെ നടി വിവാഹം ചെയ്തത്.
സംവിധായകനുമായുള്ള വിവാഹത്തെ തുടര്‍ന്ന് ആദ്യ വിവാഹത്തില്‍ ഉണ്ടായ കുഞ്ഞുമായി ഇവര്‍ അകന്ന് കഴിയുകയായിരുന്നു.
എന്നാല്‍ ഈ വിവാഹ ബന്ധവും താരം വേര്‍പെടുത്തി മൂന്നാമതും വിവാഹം കഴിച്ചിരുന്നു. മാര്‍ക്കറ്റിങ് ഹെഡായി ജോലി നോക്കുന്ന വിപിന്‍ ആണ് മായയുടെ ഭര്‍ത്താവ്.
ദൂരദര്‍ശനില്‍ തുടങ്ങിയ സീരിയല്‍ അഭിനയം, ഒരേ സമയം എട്ട് സീരിയലുകളില്‍ വരെ മായ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ സീരിയല്‍ രംഗത്തു നിന്നു വിട്ടു നില്‍ക്കുന്നതിന്റെ കാരണം തുറന്നു പറയുകയാണ് നടി.
ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ആര് ശ്രീകണ്ഠന് നായര്‍ അവതാരകനായി എത്തുന്ന ഒരുകോടി എന്ന പരിപാടിയില്‍ പങ്കെടുക്കവെ ആണ് നടി തന്റെ മനസ് തുറന്നത്.
മായ മൗഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ…കുടുംബത്തിനാണ് എന്നെ സംബന്ധിച്ച് പ്രാധാന്യം. മകന് ജനിച്ചപ്പോള്‍ സീരിയലുകള്‍ തിരക്ക് കാരണം അവനൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചില്ല.
അതേ മിസ്സിങ് മകള്‍ക്കും വരാന്‍ അനുവദിയ്ക്കില്ല. മകള്‍ ഇപ്പോള്‍ രണ്ടാം ക്ലാസിലേക്ക് പോകുകയാണ്. അഭിനയിക്കുന്നതിന് മക്കള്‍ക്ക് എതിര്‍പ്പ് ഒന്നും ഇല്ല.
പക്ഷെ അമ്മ രാവിലെ പോയി വൈകുന്നേരം വരണം എന്നാണ് മകള്‍ പറഞ്ഞിരിയ്ക്കുന്നത്. സീരിയലില്‍ അത് നടക്കില്ല. രാവിലെ പോയാല്‍ രാത്രി എപ്പോഴാണ് ഷൂട്ടിങ് കഴിയുന്നത് എന്ന് പോലും അറിയില്ല.
സിനിമ ആണെങ്കില്‍ എന്നാലും കുഴപ്പമില്ല. നല്ലൊരു വേഷം വന്നാല്‍ സിനിമ ചെയ്യും. ആദ്യം വിവാഹത്തിന് ശേഷമാണ് സീരിയല്‍ ലോകത്തേക്ക് വന്നത്.
ഭര്‍ത്താവിന് പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് അവരുടെ ബന്ധുക്കള്‍ എതിര്‍പ്പ് പറഞ്ഞു. അഭിനയിക്കാന്‍ എനിക്ക് ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു.
നല്ല ഒരു അവസരം കിട്ടിയപ്പോള്‍ അഭിനയിച്ചു തുടങ്ങി. പിന്നീട് നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
ഇന്‍ഡസ്ട്രിയില്‍ നിന്നും മാറി നിന്ന സമയത്ത് ഒരുപാട് ഗോസിപ്പുകള്‍ എന്നെ കുറിച്ച് വന്നു എന്ന് ഞാന്‍ അറിഞ്ഞു. എനിക്കെന്തോ മാരക രോഗം വന്നു എന്നൊക്കെയാണ് കേട്ടത്.
ഞാന്‍ സോഷ്യല്‍ മീഡിയയും ഫോണും ഒന്നും ഉപയോഗിക്കാറില്ല, പുറത്ത് പോകുമ്പോള്‍ മാത്രം ചേട്ടന്റെ പഴയൊരു ഫോണുണ്ട്, അതെടുക്കും.
പിന്നെ സോഷ്യല്‍ മീഡിയയിലൂടെ തുടരുന്ന സൗഹൃദം വേണ്ട എന്ന് തോന്നി. ആ സമയം അടുത്തുള്ള സുഹൃത്തുക്കളോട് ഇടപഴകാമല്ലോ.
സിനിമയില്‍ നിന്നും മാറി നില്ക്കുന്ന ഈ സമയത്താണ് ഇന്ഡ സ്ട്രിയില്‍ ആരൊക്കെയാണ് എന്റെ അടുത്ത സുഹൃത്തുക്കള്‍ എന്ന് ഞാനറിഞ്ഞത്.
നമ്മള് ഇന്റസ്ട്രിയില്‍ ഉള്ള സമയത്ത് ഒരുപാട് പ്രശംസിച്ച് സംസാരിച്ചവര്‍ പലരും വിട്ട് നിന്നപ്പോള്‍ വിളിച്ച് പോലും നോക്കിയില്ല.
എന്നാല്‍ ഇപ്പോഴും എന്റെ ആ പഴയ ലാന്റ് ഫോണ്‍ നമ്പറില്‍ വിളിയ്ക്കുന്ന സുഹൃത്തുക്കളുണ്ട്.
പിന്നെ എന്ത് വന്നാലും ആത്മയുടെ വാര്‍ഷിക യോഗത്തിന് എങ്ങിനെയും ഞാന്‍ പോകാറുണ്ട്. അന്ന് എല്ലാവരെയും കാണും എന്നും മായാ മൗഷമി പറയുന്നു.