തൊടുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടർ വിജിലൻസ് പിടിയിൽ.
തൊടുപുഴ കാരിക്കോട് പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജൂണിയർ കണ്‍സൾട്ടന്റ് പാലക്കുഴ അർച്ചന ഭവനിൽ ഡോ. മായാരാജിനെ ആണ് വിജിലൻസ് അറസ്റ്റു ചെയ്തത്.
ഗർഭപാത്രം നീക്കം ചെയ്ത വഴിത്തല ഇരുട്ടുതോട് സ്വദേശിനിയ്ക്ക് തുടർ ചികിത്സ നൽകുന്നതിന് 5000 രൂപയാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്. തിങ്കളാഴ്ചയാണ് ഗർഭപാത്രം നീക്കിയത്.
ഡോക്ടറിന്റെ പാലക്കുഴയിലുള്ള വീട്ടിലെത്തിയാണ് ഇവർ ആദ്യം ചികിത്സ തേടിയത്. അന്ന് ശസ്ത്രക്രിയയ്ക്കുള്ള ഫീസെന്ന പേരിൽ 500 രൂപ വാങ്ങി.
തുടർന്ന് 19 ന് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ഗർഭപാത്രം നീക്കം ചെയ്തു. തുടർചികിത്സ നൽകണമെങ്കിൽ 5000 രൂപ നൽകണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു.
ഇതോടെയാണ് യുവതിയുടെ ഭർത്താവ് വിജിലൻസിനെ സമീപിച്ചത്. ഇന്നലെ വൈകുന്നേരം വിജിലൻസ് നൽകിയ 3500 രൂപ പരാതിക്കാരൻ ഡോക്ടറുടെ വീട്ടിൽ എത്തിച്ചു.
ഇതു വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടുന്നത്. ഇവരെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.